ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിയെയും അന്നമ്മയെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച് സഹായം നൽകി. അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തിയാണ് ചെന്നിത്തല ഇരുവരെയും കണ്ടത്. പെൻഷൻ ലഭ്യമാകുന്നതുവരെ ഇരുവർക്കും തന്റെ ഗാന്ധിഗ്രാം ഫണ്ടിൽനിന്ന് 1600 രൂപ വീതം നൽകുമെന്നു ചെന്നിത്തല പറഞ്ഞു. മറിയക്കുട്ടിയും അന്നക്കുട്ടിയും ചേർന്ന് ചെന്നിത്തലയ്ക്ക് സ്‌നേഹചുംബനം നൽകി. 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നമ്മയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു. ഇതുകൂടാതെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നോട് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഇരുന്നൂറ് ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പമാണ് ചെന്നിത്തല ഇവരെ കാണാനെത്തിയത്.
''രണ്ട് അമ്മച്ചിമാർക്കും ഇങ്ങനെ ഒരു ഗതിയുണ്ടാക്കിയതിൽ സർക്കാർ മാപ്പ് പറയണം. ഈ പാവങ്ങൾ എങ്ങനെ ജീവിക്കണം. കേരളത്തിൽ പെൻഷന് അർഹതപ്പെട്ട എല്ലാവരും ദുരിതത്തിലാണ്. ഇവരുടെ കണ്ണുനീര് കാണാൻ സർക്കാരിന് സമയമില്ല. അമ്മച്ചിമാരുടെ സമരം പ്രതീകാത്മകമല്ല, കേരളത്തിൽ പെൻഷൻ കിട്ടേണ്ടവരുടെ യഥാർത്ഥ ചിത്രമാണ്. കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് നടക്കുന്നുവെന്നത് വേദനാജനകമാണ്."" ചെന്നിത്തല പറഞ്ഞു. നവകേരള സദസിനായി ഒന്നരക്കോടി രൂപയുടെ ബസ് വാങ്ങിച്ചു. ഹെലികോപ്ടറിന് 80 ലക്ഷം രൂപ മാസം തോറും വാടക കൊടുക്കുന്നു. നീന്തൽക്കുളം ഉണ്ടാക്കാനും സർക്കാരിന് ധൂർത്തും അഴിമതിയും നടത്താനും പൈസയുണ്ട്. ഈ അമ്മച്ചിമാരെ പോലെ പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ട്. ഇവർക്ക് പെൻഷൻ കൊടുക്കാനാണ് പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയത്. ആ പൈസ എവിടെപ്പോയി. പെൻഷൻ വേഗത്തിൽ ലഭ്യമാക്കാൻ സർക്കാരിലും നിയമസഭയിലും ഇടപെടൽ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |