തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്‌റഫിന് ഗുരുതര രോഗമെന്ന് റിപ്പോർട്ട്. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് സി രോഗമാണ് ഇയാൾക്ക്. രോഗം സഹതടവുകാരിലേയ്‌ക്കും പകർത്താനുള്ള പ്രവണത ഇയാളിൽ കൂടിവരുന്നതായാണ് ജയിൽ അധികൃതരുടെ റിപ്പോർട്ട്. അഷ്‌റഫിനെ എത്രയും വേഗം അതിസുരക്ഷാ ജയിലിലേയ്‌ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിൽ അധികൃതരും ജില്ലാ ജയിൽ അധികൃതരും ആഭ്യന്തരവകുപ്പിന് കത്ത് നൽകി.
രോഗം പകർത്തുന്നതിനായി ഇയാൾ സ്വയം മുറിവേൽപ്പിക്കുകയും മറ്റ് തടവുകാരെ മുറിവേൽപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗുണ്ട മരട് അനീഷിനെ സെൻട്രൽ ജയിലിൽ വച്ച് ദേഹമാസകലം ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതെന്നാണ് നിഗമനം. ഈ സംഭവത്തിന് ശേഷം അഷ്‌റഫിനെ സെൻട്രൽ ജയിലിൽ നിന്ന് മാറ്റി ജില്ലാ ജയിലിൽ ഒറ്റയ്‌ക്ക് സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്.
ശരീരം മുഴുവൻ സ്വയം മുറിവേൽപ്പിക്കുന്ന ഇയാൾ മാരകമയക്കുമരുന്നിന് അടിമയാണെന്നും പറയുന്നു. ഇയാളെ മറ്റ് ജയിലുകളിലേയ്‌ക്ക് മാറ്റുന്നതിന് എല്ലാ ജയിൽ അധികൃതരും എതിർക്കുകയാണ്. രോഗം പകർത്തും എന്ന കാരണത്താലാണിത്. ചികിത്സിക്കാനെത്തുന്ന ഡോക്ടർമാരെയും സഹായത്തിനെത്തുന്ന ജയിൽ ജീവനക്കാരെയും അഷ്റഫ് മുറിവേൽപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.
തൃശൂർ ജയിലിൽ പ്രശ്നമുണ്ടാക്കിയാൽ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള കണ്ണൂർ ജയിലിലേയ്‌ക്ക് മാറാമെന്ന ചിന്ത കാരണമാണ് അഷ്റഫ് ആക്രമണം നടത്തുന്നതെന്നാണ് ജയിൽ അധികൃതരുടെ നിഗമനം. തൃശൂർ ജയിലിൽ പ്രശ്നമുണ്ടാക്കിയ കൊടി സുനിയെ വേറെ ജയിലിലേയ്‌ക്ക് മാറ്റിയിരുന്നു. ഇത് മനസിലാക്കിയാണ് അഷ്റഫും പ്രശ്നമുണ്ടാക്കിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |