കൊച്ചി: കുസാറ്റിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ അപകടത്തിൽ ദുരൂഹതയേറുന്നു. സ്‌കൂൾ ഒഫ് എഞ്ചിനിയറിംഗിലെ പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്താണ് ദുരൂഹതയ്ക്ക് പിന്നിൽ.
പരിപാടിയ്ക്ക് പൊലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബർ 21ന് നൽകിയ കത്തിലുണ്ടായിരുന്നത്. എന്നാൽ ഇത് രജിസ്ട്രാർ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ആരോപണം. പരിപാടി നടക്കുന്ന തീയതിയും സമയവുമെല്ലാം കത്തിലുണ്ടായിരുന്നു. ഇത് പൊലീസിന് കൈമാറാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി ആന്റണി ആരോപിച്ചു.
പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വൈസ് ചാൻസലർ പി ജി ശങ്കരന്റെ പ്രതികരണം. സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും, പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പൊലീസുകാർ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കുസാറ്റിലെ സ്‌കൂൾ ഒഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് മരിച്ചത്.കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ്, വടക്കൻ പറവൂർ സ്വദേശി ആൻ റിഫ്‌റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹങ്ങൾ ക്യാമ്പസിലെ സ്കൂൾ ഒഫ് എൻജിനിയറിംഗിന്റെ സോഫ്‌റ്റ്‌വെയർ ബ്‌ളോക്കിൽ പൊതുദർശനത്തിനെത്തിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |