കൊല്ലം: തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കേരളം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ എത്രയും വേഗം തിരിച്ചുകിട്ടണേ എന്നതാണ് എല്ലാവരുടേയും പ്രാര്‍ത്ഥന. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ കൊല്ലത്ത് കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം നടന്നിരുന്നു. 14കാരനെ തട്ടിക്കൊണ്ട് പോയത് തമിഴ്‌നാട്ടില്‍ നിന്നുള്ള ആറംഗ സംഘമായിരുന്നു.
കൊല്ലം കൊട്ടിയത്തെ വീട്ടില്‍ നിന്നാണ് 14കാരനെ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസിന്റെ സംയുക്തമായ ഓപ്പറേഷനാണ് അന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. രണ്ട് കാറുകളിലായി എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയാണ് മന്‍സില്‍ ആസാദിന്റെ മകന്‍ ആഷിഖിനെ തട്ടിക്കൊണ്ട് പോയത്. അക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിച്ച ആഷിഖിന്റെ സഹോദരിയെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ആഷിഖിന്റെ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഇതിന് പിന്നില്‍ മാതാപിതാക്കളുടെ ബന്ധുക്കള്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചത്. സാമ്പത്തിക ഇടപാടായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ബന്ധുവിന്റെ മാര്‍ത്താണ്ഡത്തുള്ള മകനാണ് തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. ശേഷം ബന്ധുക്കളോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകനായ ബിജു ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. മര്‍ത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ബിജു. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.
രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.
വാഹനം തമിഴ്‌നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് മനസിലാക്കി ജില്ലാ അതിര്‍ത്തികളിലും സംസ്ഥാന അതിര്‍ത്തികളിലും സന്ദേശം കൈമാറുകയും വാഹനപരിശോധന കര്‍ശനമാക്കുകയും ചെയ്തായിരുന്നു അന്വേഷണം. സംഘം കൊട്ടിയത്ത് നിന്ന് കളിയിക്കാവിളയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടി കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത് പോലെ അബിഗേല്‍ സാറയുടെ കാര്യത്തിലും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |