തിരുവനന്തപുരം: പാപ്പനംകോട് തുലവിളയിൽ കാർ സ്‌പെയർ പാർട്സ് കടയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. പാപ്പനംകോട് സ്വദേശി മണികണ്ഠന്റെ ശ്രീശാസ്‌താ സ്‌പെയർ പാർട്സ് എന്ന കടയാണ് പൂർണമായും കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൊട്ടടുത്തുള്ള ശരവണ ടൂ വീലർ വർക്ക് ഷോപ്പിലും ഭാഗികമായി തീപിടിച്ചു. മണികണ്ഠൻ പതിവുപോലെ കടപൂട്ടി ഇറങ്ങിയശേഷമാണ് സംഭവം. തൊട്ടടുത്ത കടയിലുള്ളവരാണ് സംഭവമറിഞ്ഞ് ചെങ്കൽച്ചൂള ഫയർഫോഴ്സിൽ വിവരമറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാർ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച ശേഷം തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ പ്രൊവിഷൻ സ്റ്റോറിൽ തീപിടിത്തത്തിന്റെ ആഘാതത്തിൽ കോണ്‍ക്രീറ്റ് പാളികൾ ഇളകി. തീപിടിത്തമുണ്ടായ കടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ ഭാരത് ഗ്യാസിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു.
തീപിടിത്തമുണ്ടായ ഉടനെ ഗ്യാസ് സിലിണ്ടറുകൾ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഫോർട്ട് എ.സി ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ചെങ്കൽചൂള ഗ്രേഡ് എ.എസ്.ടി.ഒ ജയകുമാർ, ഡ്രൈവർ സനൽ കുമാർ, സുജൻ, സവിൻ, നൂറുദീൻ, അനീഷ്, പ്രശാന്ത്, അഖിൽ, വിനോദ്.വി.നായർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |