ഉത്തരകാശി: രണ്ടാഴ്ചയിലധികം സിൽക്യാര തുരങ്കത്തിൽ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി 41 തൊഴിലാളികളിൽ ഒരാളായ വിശ്വജീത് കുമാർ വർമ. താനടക്കമുള്ള തൊഴിലാളികൾക്ക് തുരങ്കത്തിനുള്ളിൽ ഭക്ഷണം കിട്ടിയിരുന്നെന്ന് യുവാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
'തുരങ്കത്തിനുള്ളിലേക്ക് അവശിഷ്ടങ്ങൾ വീണപ്പോഴാണ് ഞങ്ങൾ കുടുങ്ങിയെന്ന് മനസിലായത്. ആദ്യത്തെ 10-15 മണിക്കൂർ വളരെ ബുദ്ധിമുട്ടി. പിന്നീട്, അവർ ഞങ്ങൾക്ക് അരിയും പരിപ്പും ഡ്രൈ ഫ്രൂട്ട്സുമെല്ലാം നൽകാൻ പൈപ്പിട്ടു. കൂടാതെ ഒരു മൈക്ക് സ്ഥാപിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്തു.'- യുവാവ് വ്യക്തമാക്കി.
'ഞാൻ ഇപ്പോൾ സന്തോഷവാനാണ്, ദീപാവലി കഴിഞ്ഞുപോയെങ്കിലും അത് ആഘോഷിക്കും.' തൊഴിലാളി പറഞ്ഞു. പതിനേഴ് ദിവസം തുരങ്കത്തിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ ഇന്നലെ രാത്രിയാണ് സുരക്ഷിതരായി പുറത്തെത്തിച്ചത്.
എട്ട് മണിയോടെയാണ് ആദ്യത്തെ ആളിനെ പുറത്തെത്തിച്ചത്. 60 മീറ്ററോളം നീളത്തിൽ സ്ഥാപിച്ച രക്ഷാകുഴലിലൂടെ അകത്തുകടന്ന ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങൾ ഓരോ തൊഴിലാളിയെയും ചക്രം ഘടിപ്പിച്ച സ്ട്രെച്ചറിൽ കിടത്തിയാണ് രക്ഷപ്പെടുത്തിയത്. തുരങ്കത്തിന് പുറത്തുനിന്ന സേനാംഗങ്ങൾ കയർ കെട്ടിയ സ്ട്രെച്ചർ വലിച്ച് ഓരോരുത്തരെയും പുറത്തെടുത്തു. ഒൻപത് മണിയോടെ എല്ലാവരെയും പുറത്തെത്തിച്ചു. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാൽപ്പത്തിയൊന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. നിലവിൽ എല്ലാവരും നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |