SignIn
Kerala Kaumudi Online
Saturday, 27 July 2024 6.00 AM IST

ഉത്തരാഖണ്ഡ് ടണൽ: 41 തൊഴിലാളികളെയും എയിംസിലേക്ക് മാറ്റി

utharakhand

24 മണിക്കൂർ നിരീക്ഷണം

ഉത്തരകാശി: ഉത്തരാഖണ്ഡ് ടണലിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ചിൻയാലിസൗറിലെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെയാണ് ഡോക്‌ടർമാരുടെ നിർദ്ദേശ പ്രകാരം വിദഗ്ദ്ധ പരിശോധനയ്ക്കായി 150 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്.

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടറിലാണ് എയിംസിൽ എത്തിച്ചത്. ആർക്കും പരിക്കുകളോ അസ്വസ്ഥതകളോ ഇല്ലെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കും. കൂടുതൽ പരിശോധനകൾ നടത്തും. രണ്ടാഴ്‌ചയിലേറെ സൂര്യപ്രകാശം ഏൽക്കാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ടോ എന്നതും മാനസികാരോഗ്യവും പരിശോധിക്കും.

ഇന്നലെയും തൊഴിലാളികളെ സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, തൊഴിലാളികളുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രക്ഷാദൗത്യത്തിനെത്തിയ ദേശീയ- അന്തർദേശീയ വിദഗ്ദ്ധർക്കും തൊഴിലാളികൾക്കും ധാമി നന്ദി അറിയിച്ചു. തൊഴിലാളികൾക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർക്കാ‌ർ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊഴിലാളികളുമായി സംസാരിച്ചിരുന്നു. തൊഴിലാളികളുടെ മനോവീര്യത്തെ മോദി പ്രശംസിച്ചു.

17 ദിവസങ്ങൾക്കു ശേഷം ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് തൊഴിലാളികളെ തുരങ്കത്തിന് പുറത്തെത്തിച്ചു തുടങ്ങിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ 12 പേർ വീതമടങ്ങുന്ന മൂന്നു സംഘങ്ങൾ തുരങ്കത്തിനുള്ളിൽ പ്രവേശിച്ചാണ് രക്ഷപ്പെടുത്തിയത്.

നന്ദി പറഞ്ഞു,​ കെട്ടിപ്പിടിച്ചു...

തൊഴിലാളികൾക്കരികിലെത്തിയ റാറ്ര് ഹോൾ മൈനിംഗ് വിദഗ്ദ്ധരായ ഫിറോസ് ഖുറേഷിയും മോനു കുമാറും അനുഭവം വിവരിക്കുന്നത് ഇങ്ങനെ: തുരന്ന് അവസാന ഭാഗത്തെത്തിയപ്പോൾ ഞങ്ങൾക്ക് അവർ പറയുന്നത് കേൾക്കാമായിരുന്നു. അവശിഷ്ടങ്ങൾ നീക്കി,​ ഞങ്ങൾ ഇറങ്ങി. തൊഴിലാളികൾ നന്ദി പറഞ്ഞു. കെട്ടിപ്പിടിച്ചു. തോളിൽ കയറ്റി. അവരേക്കാൾ സന്തോഷത്തിലായിരുന്നു ഞങ്ങൾ. അര മണിക്കൂറോളം അവിടെയുണ്ടായിരുന്നു. എൻ.ഡി.ആർ.എഫ് സംഘമെത്തിയ ശേഷമാണ് ഞങ്ങൾ അവിടെ നിന്ന് തിരിച്ചത്. ചരിത്ര നിമിഷത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ഫിറോസ് ഖുറേഷിയും മോനു കുമാറും പറഞ്ഞു.

ശുദ്ധവായുവിന്റെ ഗന്ധം

ശുദ്ധവായുവിന്റെ ഗന്ധം പുതിയ അനുഭവമായി തോന്നിയെന്ന് രക്ഷപ്പെട്ട തൊഴിലാളികളിലൊരാളായ ഒരോൺ പറഞ്ഞു. 17 ദിവസം അക്ഷീണം പ്രവർത്തിച്ച രക്ഷാപ്രവർത്തകരും സർവ്വശക്തനുമാണ് രക്ഷിച്ചത്.

പഠനം നടത്തും

അപകടത്തെ പാഠമാക്കി പുതിയ പഠനങ്ങളും അവലോകനവും നടത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. മലയോര മേഖലകളിൽ നിർമ്മിക്കുന്ന തുരങ്കങ്ങളെക്കുറിച്ച് വിശദമായി പഠിക്കും. പരിസ്ഥിതി ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ വന്നേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.