SignIn
Kerala Kaumudi Online
Saturday, 27 July 2024 12.27 PM IST

2014ൽ അധികാരമേറുമ്പോൾ മോദി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ഇന്ന് രാജ്യം കണ്ട ഏറ്റവും മികച്ച ശരി

narendra-modi

രാജ്യത്തിന്റെ ചരിത്രത്തിൽ തദ്ദേശീയ നിർമ്മാതാക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിരോധ നിർമ്മാണ കരാറിനാണ് കഴിഞ്ഞ ദിവസം ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. 97 തേജസ് ലഘു വിമാനങ്ങൾ, 156 പ്രചണ്ഡ് ഹെലികോപ്ടറുകൾ എന്നിവ അധികമായി വാങ്ങുന്നതിനാണ് കരാർ. തദ്ദേശീയമായി വികസിപ്പിച്ചവയാണ് ഇവ രണ്ടും. വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാർക്ക് - 1 എ യുദ്ധവിമാനങ്ങൾ നിർമ്മിക്കുക. പ്രചണ്ഡ് കോപ്ടറുകൾ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയുള്ളതാണ്. ഇതിനു പുറമെ,​ മറ്റു ചില യുദ്ധസാമഗ്രികൾ വാങ്ങുന്നതിനുള്ള ഇടപാടിനും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഡി.എ.സി അനുമതി നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ പ്രതിരോധ കരാറുകളുടെ മൂല്യം 2.23 ലക്ഷം കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.

വ്യോമസേനയുടെ സുഖോയ് എസ്.യു 30 എം.കെ.ഐ വിമാനങ്ങൾ നവീകരിക്കുന്നതിനും ഡി.എ.സി അനുമതി നൽകിയിട്ടുണ്ട്. 65 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുള്ള,​ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച യുദ്ധവിമാനമാണ് തേജസ് മാർക്ക് - 1 എ. നേരത്തേ നരേന്ദ്രമോദി സർക്കാർ തേജസ് വിമാനങ്ങൾക്കായി 36,468 കോടി രൂപയുടെ ഓർഡർ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് നൽകിയിരുന്നു. ഈ തേജസ് യുദ്ധവിമാനങ്ങളുടെ വിതരണം 2024 ഫെബ്രുവരിയോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രതിരോധ മേഖലയിലേക്കും ആത്മനിർഭർ ഭാരത് പദ്ധതി വ്യാപിപ്പിക്കുന്നതിനു പുറമെ, അതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഇത്ര വലിയ ഇടപാടുമായി ബന്ധപ്പെട്ട് തദ്ദേശ നിർമ്മാതാക്കളുമായി ചർച്ചയ്ക്ക് സമയമെടുക്കുമെങ്കിലും വിദേശ ഇടപാടുകൾക്ക് വേണ്ടിവരുന്നതിലും വേഗത്തിൽ നടപടിയാകുമെന്നാണ് പ്രതിരോധ വകുപ്പ് പ്രതീക്ഷിക്കുന്നത്. വില സംബന്ധിച്ച് ധാരണയിലെത്തുന്നതിനാണ് ഏറ്റവും അധികം സമയമെടുക്കുന്നത്. അതിൽ ധാരണയായാൽ സുരക്ഷാകാര്യ കേന്ദ്ര മന്ത്രിസഭാ സമിതി കരാറിന് അന്തിമ അംഗീകാരം നൽകും. അങ്ങനെ വന്നാൽ ഓർഡർ ചെയ്ത പ്രതിരോധ സംവിധാനങ്ങൾ പത്തുവർഷത്തിനകം സൈന്യത്തിന്റെ ഭാഗമാകും. വിദേശത്തുനിന്ന് നേരത്തേ വാങ്ങിയ ടാങ്കുകളിലും മറ്റും ഓട്ടോമാറ്റിക് ടാർഗറ്റ് ട്രാക്കറും ആധുനിക കമ്പ്യൂട്ടർ സംവിധാനങ്ങളും മറ്റും ഉൾപ്പെടുത്തി കാലാനുസൃതമായി നവീകരിക്കുന്നതും കരാറിന്റെ ഭാഗമാണ്.

മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നതുമുതൽ പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് യുദ്ധസാമഗ്രികൾ വാങ്ങുന്നതു കുറച്ച്,​ അവ ഇന്ത്യയിൽത്തന്നെ നിർമ്മിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയതാണ് അതിൽ ഏറ്റവും പ്രധാനം. ഇതിന് സ്വകാര്യ പങ്കാളിത്തവും അനുവദിച്ചു. വിദേശത്തുനിന്ന് സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്നവയാണ് അതിനു മുമ്പും വാങ്ങിയിരുന്നത്. ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്കും വർഷങ്ങൾ നീണ്ടുനിന്ന കേസുകൾക്കും മറ്റും ഇടയാക്കിയിരുന്നു. അതിൽ നിന്നുള്ള ഒരു വലിയ മാറ്റമാണ് ഇപ്പോഴത്തെ പ്രതിരോധ കരാർ. ഇത് ഓരോ ഇന്ത്യാക്കാരനും അഭിമാനം പകരുന്നതാണ്.

പ്രതിരോധ വകുപ്പിന് നീക്കിവയ്ക്കുന്ന ഭീമമായ ബഡ്‌‌ജറ്റിന്റെ സിംഹഭാഗവും വിദേശങ്ങളിൽ നിന്ന് യുദ്ധക്കോപ്പുകളും മറ്റ് അനുബന്ധ യുദ്ധസാമഗ്രികളും വാങ്ങാൻ ചെലവഴിച്ചിരുന്നതിൽ നിന്നു മാറി,​ ആ തുകയുടെ വലിയൊരംശം ഇന്ത്യയിൽത്തന്നെ ചെലവഴിക്കപ്പെടുന്നത് പല തലത്തിലും ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ്. വർഷംതോറും അമ്പതിനായിരത്തോളം ഭടന്മാരെ റിക്രൂട്ട് ചെയ്യുന്ന അഗ്‌നിപഥ് പദ്ധതിയും വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. തുടക്കത്തിൽ ഇതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും പിന്നീട് ഇത് പൊതുവെ അംഗീകരിക്കപ്പെടുകയാണ് ചെയ്തത്. യുദ്ധസാമഗ്രികൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കാൻ തുടങ്ങിയതോടെ നിരവധി ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യയുടെ ആയുധം വാങ്ങാനായി മുന്നോട്ടുവരുന്നതും നല്ല സൂചനയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEFENSE, NARENDRA MODI, DEFENSE CONTRACT INDIA, AGNIPATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.