SignIn
Kerala Kaumudi Online
Sunday, 06 October 2024 12.39 PM IST

കന്നഡക്കാരെ ചൊടിപ്പിക്കാൻ പോയ ഫോൺപേ സിഇഒയ്‌ക്ക് ഒടുവിൽ മാപ്പ് പറയേണ്ടി വന്നു, കേരളത്തിന് വരാൻ പോകുന്ന പണി

Increase Font Size Decrease Font Size Print Page
bengaluru

കേരളവും കർണാടകവും തമ്മിലുള്ള ഇരുപ്പുവശം പണ്ടുമുതലേ ശരിയല്ല. കൊവിഡ് നിയന്ത്രണങ്ങൾ, രാത്രി യാത്രാ നിരോധനം തുടങ്ങി മുമ്പും പല ക്ലാഷുകളുമുണ്ടായിട്ടുണ്ട്. എങ്കിലും മലയാളി ടെക്കികളുടെ പോറ്റമ്മയാണ് കർണാടക. പലരും ഐ.ടി പഠനം നടത്തുന്നതു തന്നെ 'ബാംഗ്ലൂർ ഡേയ്‌സ്' സ്വപ്നം കണ്ടാണ്. ഇന്ത്യയുടെ സിലിക്കൺ വാലിയിൽ ജോലിയും ജീവിതവും അവർ അടിച്ചുപൊളിച്ചു മുന്നോട്ടു കൊണ്ടു പോകും. വീക്കെൻഡുകൾ ആഘോഷമാക്കും. യാത്രാദുരിതവും ട്രാഫിക് ബ്ലോക്കും കുടിവെളള ക്ഷാമവും വാടകമുറി പ്രശ്‌നവുമെല്ലാം സഹിച്ചുകൊണ്ട് ബംഗളൂരുവിനെ അവർ സ്‌നേഹിക്കും. അതായിരുന്നു ഇതുവരെയുള്ള സീൻ.

കമ്പ്യൂട്ടറുകളിൽ ദിവസവും ഒട്ടേറെ ഡിജിറ്റൽ ഫയലുകൾ കൈകാര്യം ചെയ്യുന്ന ടെക്കികളെ ഒരേയൊരു കടലാസു ഫയൽ കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് കർണാടക സർക്കാർ. അതാണ് കന്നഡിക സംവരണ ബിൽ. ഇതര സംസ്ഥാനക്കാരായ തൊഴിലന്വേഷകരെ പടിക്കു പുറത്തു നിറുത്തുന്ന നിയമത്തിനാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്. എതിർപ്പുകളെ തുടർന്ന് നിയമസഭയിൽ അവതരിപ്പിക്കാതെ തത്ക്കാലം മാറ്റിവച്ച കരടുബിൽ ഏതു രൂപത്തിലും തിരിച്ചെത്തിയേക്കുമെന്നാണ് ആശങ്ക.

ബില്ലിൽ പറയുന്നത്

സ്വകാര്യ മേഖലയിലെ ജോലികളിൽ കന്നഡികർക്ക് വൻ സംവരണം നിർദ്ദേശിക്കുന്നതാണ് 'കർണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്‌സ് ഇൻ ദി ഇൻഡസ്ട്രീസ്, ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ 2024'. സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ഇതര തസ്തികകളിൽ 70 ശതമാനവും മാനേജ്‌മെന്റ് തസ്തികകളിൽ 50 ശതമാനവും കന്നടക്കാർക്ക് സംവരണം ചെയ്യണമെന്നതാണ് വ്യവസ്ഥ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികൾ മാത്രം മതിയെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ തുടങ്ങിയ തസ്തികകളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലുള്ളത്.

ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി കമ്പനികൾ, ബയോടെക്‌നോളജി സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, റിസോർട്ടുകൾ, മൾട്ടിപ്ലക്‌സുകൾ, സ്വകാര്യ സ്‌കൂളുകൾ, ഹോട്ടലുകൾ, ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയിൽവരും. തൊഴിൽ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ സ്ഥാപനങ്ങൾ സർക്കാരിന് സമർപ്പിക്കണം. 100 പേരിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒരു സർക്കാർ പ്രതിനിധി വേണം. ഏത് കമ്പനികളുടെയും തൊഴിൽ രേഖകൾ ഏത് സമയവും പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും പറയുന്നു. 15 കൊല്ലം കർണാടകയിൽ താമസിച്ചവരും കന്നട ഭാഷ എഴുതാനും വായിക്കാനുമറിയാവുന്നവരുമായിരിക്കും സംവരണത്തിന് അർഹരായവർ.

തൊഴിൽ വകുപ്പിൽ നിന്ന് ഉദയം ചെയ്ത കരടുബിൽ കഴിഞ്ഞയാഴ്ച കർണാടക മന്ത്രിസഭ അംഗീകരിച്ചിരുന്നു. പുതിയ തൊഴിൽ നയത്തിൽ അവിടുത്തെ ഭരണപ്രതിപക്ഷങ്ങൾക്ക് യോജിപ്പാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തു നിന്നും എതിർപ്പുയർന്നു.

ബില്ലിനെ എതിർത്ത്

പ്രമുഖരും

കർണാടകയിലെ നിർദ്ദിഷ്ട തൊഴിൽ ബില്ലിനെ നിശിതമായി വിമർശിച്ച് ആദ്യം രംഗത്തുവന്നത് ബംഗളൂരു ആസ്ഥാനമായ ഫോൺപേയുടെ സി.ഇ.ഒ സമീർ നിഗമാണ്. യുവാക്കൾ ജന്മസ്ഥലത്തു തന്നെ ജോലിചെയ്യുന്ന കാലം പണ്ടേ കഴിഞ്ഞുവെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ''എന്റെ പിതാവ് നേവിയിലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലായാണ് ജീവിച്ചത്. 15 വർഷം താൻ ഒരു സംസ്ഥാനത്തും താമസിച്ചിട്ടില്ല. അതിന്റെ പേരിൽ കർണാടകയിൽ ജോലിക്ക് അർഹതയില്ലെന്നാണോ? നാണക്കേട്!'' എന്നാണ് സമീർ എക്സിൽ കുറിച്ചത്. തന്റെ കമ്പനിയിൽ പലനാട്ടിൽ നിന്നുള്ള 25,000 പേർ ജോലി ചെയ്യുന്ന കാര്യവും ചൂണ്ടിക്കാട്ടി. എന്നാൽ സമീറിനെതിരേ കന്നഡികരിൽ നിന്ന് വൻ സൈബർ ആക്രമണമാണുണ്ടായത്. ബോയ്കോട്ട് ഫോൺപേ എന്ന ഹാഷ്‌ടാഗിൽ കമ്പനിക്കെതിരേ വൻ പ്രചാരണവും തുടങ്ങി. തുടർന്ന് സമീർ നിഗത്തിന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. കർണാടകക്കാരുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമില്ലായിരുന്നുവെന്ന് സമീർ വ്യക്തമാക്കി. നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും പറയാനുള്ള കാര്യം അദ്ദേഹം പറയുകതന്നെ ചെയ്തു. ബംഗളൂരു സിലിക്കൻ വാലിയിലെ സ്ഥാപനങ്ങളുടേയും മലയാളികളടക്കമുള്ള ഇതരസംസ്ഥാന ജീവനക്കാരുടേയും പൊതുവികാരം തന്നെയായി ഇത്.

രാഷ്ട്രീയതലത്തിൽ ബില്ലിനെതിരേ ശക്തമായി രംഗത്തുവന്നത് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയാണ്. സ്വന്തം പാർട്ടി ഭരിക്കുന്ന കർണാടകയുടെ നീക്കം വിവേക ശൂന്യമാണെന്ന് തരൂർ തുറന്നടിച്ചു. സ്വകാര്യ സംവരണബിൽ ഭരണഘടനാ വിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു. ഹരിയാന സർക്കാർ ഇത്തരമൊരു നീക്കം നടത്തിയപ്പോൾ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിനേരിട്ടതാണ്. ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും നയങ്ങൾ സമാനമാണെന്നാരോപിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും രംഗത്തുവന്നു.

നിയമം പ്രാബല്യത്തിലായാൽ കേരളമടക്കമുള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് ഷിഫ്ട് ചെയ്യാൻ പല കമ്പനികളും ആലോചന തുടങ്ങിയെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നു. ആന്ധ്രയിലെ വിശാഖപട്ടണം പുതിയ സിലിക്കൺ വാലിയാകുമെന്നും പ്രചാരമുണ്ടായി. ഇതോടെ പത്തി താഴ്ത്തിയ കർണാടക സർക്കാർ ബിൽ ഷെൽഫിൽ വച്ചിരിക്കുകയാണ്. കന്നട സംവരണത്തിനായി പ്രതിപക്ഷ കക്ഷികളും നിലകൊള്ളുന്ന സാഹചര്യത്തിൽ സിദ്ധരാമയ്യ സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. അതിനാൽ ഭേഗഗതികളോടെ ബിൽ തിരിച്ചെത്താനിടയുണ്ട്. അതിനുള്ള ഏതുനടപടിയും നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. എന്നിരുന്നാലും ചില പ്രദേശികകക്ഷികൾ ഉയർത്തുന്നതുപോലുള്ള മണ്ണിന്റെ മക്കൾവാദം ദേശീയ പാർട്ടികളായ കോൺഗ്രസിന്റേയും ബി.ജെപിയുടേയും കന്നട ഘടകങ്ങൾക്ക് ഭൂഷണമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, KERALA, KARNATAKA BILL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.