കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ മൂന്നുപേർ മാത്രമെന്ന് വാദത്തിൽ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും. കൂടാതെ പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. ഇവരിൽ നിന്ന് ഇനിയും പല ചോദ്യങ്ങൾക്കും പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനായി നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പുകളാണ്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രമേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ മൂന്നു പ്രതികളെയും ഈ മാസം 15 വരെ റിമാൻഡ് ചെയ്തു.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി,. അനുപമ (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ്‌ജയിലിലേക്കും അനിതകുമാരിയെയും അനുപമയെയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |