ന്യൂഡൽഹി: കോൺഗ്രസിനെ നിഷ്പ്രഭമാക്കി ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി ഭരണം പിടിച്ചത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകും. രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുത്ത ബി.ജെ.പി മദ്ധ്യപ്രദേശിൽ അധികാരം നിലനിറുത്തുകയും ചെയ്തു. തെലങ്കാനയിൽ മാത്രമാണ് ബി.ആർ.എസിനെ തുരത്തി കോൺഗ്രസിന് ആശ്വാസ ജയം നേടാനായത്.
ആ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ വാക്കുകൾ. ഒരു ദേശീയ മാദ്ധ്യമത്തിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യം എന്ന മുഖവുമായി 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ Cത്സരിച്ചാൽ നേട്ടമുണ്ടാക്കാനാവില്ലെന്ന് പ്രശാന്ത് കിഷോർ പറയുന്നു. ബി.ജെ.പിയെ വെല്ലുവിളിക്കാനിറങ്ങുമ്പോൾ അവരുടെ ശക്തി എന്താണെന്ന് മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഈ മൂന്നു തൂണുകളാണ് ബി.ജെ.പിയുടെ ശക്തി. ഇതിൽ രണ്ട് കാര്യങ്ങളിലെങ്കിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ല., എൻ.ഡി.ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പ്രതിപക്ഷത്തിന് എങ്ങനെ നേരിടാൻ കഴിയുമെന്ന ചോദ്യത്തിനായിരുന്നു പ്രശാന്ത് കിഷോറിന്റെ വിശദീകരണം.
“ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നതിന് പ്രത്യയശാസ്ത്രങ്ങളുടെ ഒരു സംയോജനം ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്‌കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ... പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്,. പ്രത്യയശാസ്ത്രപരമായ യോജിപ്പ് ഉണ്ടാകാത്തിടത്തോളം കാലം ബി.ജെ.പിയെ പരാജയപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തന്റെ പ്രത്യയശാസ്ത്രം മഹാത്മാഗാന്ധിയുടേതാണെന്നും ബീഹാറിലെ ജൻ സൂരജ് യാത്ര ഗാന്ധിയുടെ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണെന്നും കിഷോർ പറഞ്ഞു. 2022ൽ പ്രശാന്ത് കിഷോർ ബീഹാറിൽ നടത്തിയ ജൻ സൂരജ് യാത്രയെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.
2022ൽ പ്രശാന്ത് കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം ശക്തമായിരുന്നു, എന്നാൽ കോൺഗ്രസിന്റെ അഭ്യർത്ഥന പ്രശാന്ത് കിഷോർ തള്ളുകയായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാനായി രൂപീകരിച്ചഎംപവേഡ് ആക്ഷൻ ഗ്രൂപ്പിൽ ചേരാനായിരുന്നു ക്ഷണം. എന്നാൽ അദ്ദേഹത്തിന് പൂർണ ചുമതല നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ചത്. പുതിയ പശ്ചാത്തലത്തിൽ പ്രശാന്ത് കിഷോർ വീണ്ടും പ്രതിപക്ഷ സഖ്യത്തിൽ പ്രവർത്തിക്കുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |