ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. കരൂരിലെ ടിവികെ റാലിയിൽ മരിച്ചവരുടെ കുടുംബത്തെ വിജയ് ഇതുവരെയായിട്ടും സന്ദർശിക്കാത്തതിലാണ് വിമർശനം. ടിവികെയുടേത് വഞ്ചനാപരമായ മൗനമാണെന്നും ദുരന്തത്തിൽ മരിച്ചവരോട് അനാദരവാണ് കാണിക്കുന്നതെന്നും ഡിഎംകെ പ്രതികരിച്ചു. ഡിഎംകെയുടെ ഐടി വിംഗ് പേജിലാണ് വിമർശന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'20 ദിവസങ്ങൾക്ക് മുൻപാണ് കരൂരിൽ ദുരന്തം സംഭവിച്ചത്. വെറും പ്രശസ്തിക്കുവേണ്ടി ജനക്കൂട്ടത്തെ സംഘടിപ്പിക്കാനാണ് ടിവികെ ശ്രമിച്ചത്. ഉത്തരവാദിത്ത ബോധമില്ലാതെയാണ് പ്രവർത്തിച്ചത്. വലിയൊരു ദുരന്തമാണ് കരൂരിൽ സംഭവിച്ചത്. കരൂരിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തെ നേരിട്ട് സന്ദർശിക്കുകയോ അനുശോചനം അറിയിക്കുകയോ ധനസഹായം നൽകുകയോ ചെയ്തിട്ടില്ല. ഈ വഞ്ചനാപരമായ മൗനം ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളോടുളള അനാദരവാണ്'- ഡിഎംകെയുടെ കുറിപ്പിൽ പറയുന്നു.
വിജയ്ക്ക് സമയമില്ലേ? അതോ സ്ക്രിപ്റ്റ് തയ്യാറായില്ലേയെന്നും ഡിഎംകെ പരിഹസിച്ചു. മനുഷ്യത്വമെന്നത് ടിവികെയുടെ നിഘണ്ടുവിൽ പോലുമില്ലേ? അതോ അനുമതി ലഭിച്ചില്ലെന്ന് ഒഴിവുകഴിവ് പറയുകയാണോയെന്നും ഡിഎംകെ ചോദിച്ചു.
അതേസമയം, ടിവികെയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സർക്കാരാണ് വിജയ്‌യുടെ കരൂർ സന്ദർശനത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് ടിവികെ വക്താവ് ലയോള മണി പറഞ്ഞു. 'വിജയ് ദുരിതബാധിതരെ കാണുന്നത് സർക്കാരാണ് തടയുന്നത്. അദ്ദേഹം തീർച്ചയായും കരൂരിലെ ജനങ്ങളെ കാണും. ഇതുവരെയായിട്ടും അനുമതി ലഭിച്ചിട്ടില്ല. ജനാധിപത്യവിരുദ്ധ സമീപനം പിന്തുടരുന്ന നിങ്ങൾ സംസാരിക്കുന്നത് ഉചിതമാണോ?
ഡിഎംകെ സർക്കാർ ശൂന്യമായ പ്രചാരണ മാതൃക കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഉത്തരവാദിത്തമില്ലാതെ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിൽ ഭരണം നടത്തുന്നത് വേദനാജനകമാണ്. പൊതുപരിപാടികൾക്ക് ശരിയായ സുരക്ഷ ഒരുക്കാൻ കഴിവില്ലാത്ത സർക്കാർ. കരൂരിലെ ദുരന്തത്തിനുകാരണം സർക്കാരാണ്. പ്രതികരിക്കാൻ ധൈര്യമില്ലാതെ മുഴുവൻ കുറ്റങ്ങളും ടിവികെയുടെ മേൽ കെട്ടിവയ്ക്കുന്നത് ലജ്ജാകരമല്ലേ? ഞങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ ഇതുവരെയായിട്ടും വിശ്വസിച്ചിട്ടില്ല. കരൂരിൽ മരിച്ചവരുടെ കുടുംബവുമായി വിജയ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഉടൻ തന്നെ അവരെ സന്ദർശിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു'- ലയോള മണി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |