വിജയ് ഹസാരേ ട്രോഫിയിൽ സഞ്ജു സാംസണ് സെഞ്ച്വറി(128)
റെയിൽവേയ്‌സിനോട് തോറ്റെങ്കിലും കേരളം പ്രീ ക്വാർട്ടറിൽ
ബംഗളുരു : വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേയ്സിനോട് 18 റൺസിന് തോറ്റെങ്കിലും ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി കേരളം നോക്കൗട്ട് റൗണ്ടിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പയ്ക്കുള്ള ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ നേടിയ തകർപ്പൻ സെഞ്ച്വറി കേരളത്തിന് സന്തോഷിക്കാനുള്ള മറ്റൊരു കാരണമായി.
ഇന്നലെ ബംഗളുരുവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽവേയ്സ് നിശ്ചിത 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 255 റൺസടിച്ചു. മറുപടിക്കിറങ്ങിയ കേരളം 237/8 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഉത്തർപ്രദേശുകാരനായ യുവതാരം യുവ്‌രാജ് സിംഗിന്റെ (121) സെഞ്ച്വറിയുടെയും പ്രഥം സിംഗിന്റെ (61)അർദ്ധസെഞ്ച്വറിയുടെയും മികവിലാണ് റെയിൽവേയ്സ് 255ലെത്തിയത്. മറുപടിക്കിറങ്ങിയ കേരളത്തെ സഞ്ജു ഏറെക്കുറെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. സഞ്ജുവും 53 റൺസടിച്ച ശ്രേയസ് ഗോപാലും 29 റൺസടിച്ച ഓപ്പണർ കൃഷ്ണപ്രസാദും ഒഴികെ ബാറ്റിംഗിനിറങ്ങിയ കേരള താരങ്ങളാരും രണ്ടക്കം കടന്നില്ല. രോഹൻ കുന്നുമ്മൽ (0), സച്ചിൻ ബേബി (9),സൽമാൻ നിസാർ (2) എന്നിവർ പുറത്തായി 26/3 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് സഞ്ജു കളത്തിലേക്ക് ഇറങ്ങുന്നത്. 18-ാം ഓവറിൽ 59 റൺസിലെത്തിയപ്പോൾ കൃഷ്ണപ്രസാദും പുറത്തായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച സഞ്ജുവും ശ്രേയസും ചേർന്ന് പൊരുതിനിന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 138 റൺസാണ് കൂട്ടിച്ചേർത്തത്. 45-ാം ഓവറിൽ ശ്രേയസിനെ ബൗൾഡാക്കി രാജ് ചൗധരി കേരളത്തെ സമ്മർദ്ദത്തിലാക്കി. എന്നാൽ സഞ്ജു കളത്തിലുണ്ടായിരുന്നതിനാൽ കേരളം ആത്മവിശ്വാസം കൈവിട്ടില്ല. പക്ഷേ 46-ാം ഓവറിൽ അബ്ദുൽ ബാസിത്തും (0), അഖിൽ സ്കറിയ(2)യും പുറത്തായത് സമ്മർദ്ദം വർദ്ധിപ്പിച്ചു. എങ്കിലും സഞ്ജു പോരാട്ടം തുടർന്നു. ജയിക്കാൻ രണ്ടുപന്തിൽ 18 റൺസ് വേണ്ടിയിരുന്നപ്പോഴാണ് സഞ്ജു പുറത്തായത്. 139 പന്തുകൾ നേരിട്ട സഞ്ജു എട്ടുഫോറുകളും ആറു സിക്സുകളുമടക്കമാണ് സഞ്ജു 128 റൺസടിച്ചത്.
എ ഗ്രൂപ്പിലെ ഏഴുമത്സരങ്ങളിൽ അഞ്ചുവിജയങ്ങളടക്കം 20 പോയിന്റുമായാണ് കേരളം ഒന്നാമതായത്. 20 പോയിന്റ് തന്നെയുള്ള കരുത്തരായ മുംബയ് റൺറേറ്റിൽ കേരളത്തിന് പിന്നിൽ രണ്ടാമതായി. ആദ്യ അഞ്ചുമത്സരങ്ങളിൽ ജയിച്ച മുംബയ് അവസാന മത്സരങ്ങളിൽ ത്രിപുരയോടും ഒഡിഷയോടും തോറ്റതോടെയാണ് കേരളത്തിന്റെ രാശി തെളിഞ്ഞത്. ഈ മാസം ഒൻപതിന് രാജ്കോട്ടിൽ മഹാരാഷ്ട്രയ്ക്ക് എതിരെയാണ് കേരളത്തിന്റെ പ്രീ ക്വാർട്ടർ മത്സരം.
ഗ്രൂപ്പ് റൗണ്ടിലെ കേരളം
1. ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു.
2.മുംബയ്‌യോട് എട്ടുവിക്കറ്റിന് തോറ്റു.
3.ഒഡിഷയോട് 78 റൺസ് വിജയം.
4. ത്രിപുരയ്ക്ക് എതിരെ 119 റൺസ് വിജയം.
5.സിക്കിമിനോട് ഏഴുവിക്കറ്റ് ജയം.
6. പുതുച്ചേരിയെ ആറുവിക്കറ്റിന് തോൽപ്പിച്ചു.
7. 18 റൺസിന് റെയിൽവേയ്‌സിനോട് തോറ്റു.
പ്രീ ക്വാർട്ടർ
കേരളം Vs മഹാരാഷ്ട്ര
ഡിസംബർ 9ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |