ആലപ്പുഴ : ആഴക്കടലിലെ അത്ഭുതക്കാഴ്ചകളും വർണ്ണമത്സ്യങ്ങളും തീർക്കുന്ന വ്യത്യസ്ത കാഴ്ചാനുഭവം ആലപ്പുഴ ബീച്ചിലൊരുങ്ങുന്നു. എറണാകുളം ആസ്ഥാനമായ ഡി.ക്യു.എഫ് ഏജൻസിയാണ് ഈ മാസം 15 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന മറൈൻ വേൾഡ് എന്ന പ്രദർശനം ഒരുക്കുന്നത്. 10 കോടി രൂപ മുതൽ മുടക്കിലൊരുക്കുന്ന മറൈൻ വേൾഡിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ പ്രദർശനമാണ് ആലപ്പുഴയിലേത്. ആദ്യ പ്രദർശനം കഴിഞ്ഞ മാസം കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിരുന്നു. ഡബിൾ ഡെക്കർ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ് സ്ഥാപിക്കുക. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിൽ കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ളവ വരെയുണ്ടാകും. കൂടാതെ മത്സ്യത്തിനൊപ്പം മനുഷ്യരും നീന്തി തുടിക്കുന്ന ദൃശ്യാനുഭവവുമുണ്ടാകും. അവധിദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10വരെയും മറ്റുദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. വിദ്യാർത്ഥിസംഘത്തിന് 50 ശതമാനം ഇളവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യവും ലഭിക്കും. വാർത്തസമ്മേളനത്തിൽ ഡി.ക്യു.എഫ് എം.ഡി ഫയാസ് റഹ്മാൻ, മാനേജർ സന്തോഷ് തുളസീധരൻ, ബിജു എബ്രഹാം, എം.എ.സിദ്ദീഖ് മുല്ലശ്ശേരി, പി.രാജൻ, സുധീർകോയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |