ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയ
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.കെ) ഇന്നു തുടക്കം കുറിക്കും. ടാഗോർ തിയേറ്ററാണ് മുഖ്യവേദി. വിവിധ രാജ്യങ്ങളിൽ നിന്ന് 180ൽലധികം ചിത്രങ്ങൾ 15 തിയേറ്ററുകളിലായി പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ രാജ്യാന്തര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാവിഭാഗം, ഇന്ത്യൻ സിനിമ ഇന്ന്, മലയാള സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയവയുണ്ട്.
സുഡാനിയൻ ചിത്രം ഗുഡ് ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. മേളയുടെ ഉദ്ഘാടന സമ്മേളനത്തിനുശേഷം വൈകിട്ട് 6ന് നിശാഗന്ധിയിൽ ആണ് ഗുഡ്‌ബൈ ജൂലിയയുടെ പ്രദർശനം. സുഡാനിൽ നിന്ന് കാൻ ചലച്ചിത്രമേളയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് സംവിധാനം ചെയ്യുന്നത്.കെ.ജി. ജോർജിന്റെ യവനിക എന്ന ചിത്രം ഹോമേജ് വിഭാഗത്തിന്റെ ആകർഷണീയതയാണ്.ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44വരെ,ഷെഹർ സാദോ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.
ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ അന്താരാഷ്ട്ര മത്സരത്തിൽ മാറ്റുരയ്ക്കുന്നു.15ന് മേള സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |