ശബരിമല: ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടി അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ 10വയസുകാരിയാണ് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സേലം സ്വദേശിയായ പത്മശ്രീയാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദർശനത്തിനായി എത്തിയത്. കുട്ടിയ്‌ക്ക് മൂന്നുവയസ് മുതൽ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ആഴ്‌ച അവസാനമായതോടെ ഇന്ന് സന്നിധാനത്ത് കനത്ത ഭക്തജന തിരക്കാണ് ഉണ്ടായത്. ഏറെനേരം കാത്തുനിന്നശേഷമാണ് ഭക്തർക്ക് ദർശനം സാദ്ധ്യമായത്. ദർശനസമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതോടെ തന്ത്രിയുമായി സ്‌പെഷ്യൽ കമ്മീഷണറും ദേവസ്വം ഉദ്യോഗസ്ഥരും ചർച്ച നടത്തുകയാണ്. എന്നാൽ ശബരിമല ദർശന സമയം നിലവിലെ സാഹചര്യത്തിൽ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിിൽ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്. ശബരിമലയിൽ ദർശന സമയം രണ്ട് മണിക്കൂർ കൂടി കൂട്ടാൻ കഴിയുമോ എന്നാണ് കോടതി ചോദിച്ചിരുന്നത്.
വിശ്രമ കേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് പൊലീസിന് നിർദ്ദേശം നൽകി. ഓൺലൈൻ ബുക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എങ്ങനെ നിയന്ത്രണം കൊണ്ടുവരാം എന്നതിൽ എ.ഡി.ജി.പി തിങ്കളാഴ്ച റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിന് എത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |