SignIn
Kerala Kaumudi Online
Saturday, 27 July 2024 12.26 PM IST

തിരഞ്ഞെടുപ്പിൽ ബിജെപിയെ എപ്പോഴും ജയിപ്പിക്കുന്നത് മൂന്ന് കാര്യങ്ങളാണ്, കോൺഗ്രസ് തിരിച്ചറിയാത്ത രഹസ്യം

amith-shah-modi

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട അ‍‍ഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി കണ്ണഞ്ചിക്കുന്ന വിജയം കൈവരിച്ചു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും വ്യക്തമായ ഭൂരിപക്ഷത്തോടെ അവർ മന്ത്രിസഭ രൂപീകരിക്കുകയാണ്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. അവിടെ ബി.ആർ.എസ് ആയിരുന്നു പ്രധാന എതിരാളി; ബി.ജെ.പി ഒരു ശക്തിയേ അല്ലതാനും.

2013ൽ, യു.പി.എ സർക്കാരിന്റെ അവസാന വർഷം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഡൽഹിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അമ്പേ തകർന്നടിഞ്ഞു. ഡൽഹിയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മറ്റ് മൂന്നിടത്തും അവർ അധികാരം പിടിച്ചെടുത്തു. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വിധി അതോടെ നിർണയിക്കപ്പെട്ടു. കാവി തരംഗം ആഞ്ഞടിച്ചു. ബി.ജെ.പി ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയുമായി.

2018-ൽ രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും കോൺഗ്രസ് തിരിച്ചുപിടിച്ചു. പക്ഷേ ആറു മാസത്തിനകം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. കാവിതരംഗം രാജ്യത്തെ വീണ്ടും കീഴടക്കി. നരേന്ദ്ര മോദി കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. രാജസ്ഥാനിലെ എല്ലാ സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. മദ്ധ്യപ്രദേശിൽ ഒന്നും ഛത്തീസ്ഗഡിൽ രണ്ടും സീറ്റേ അവർക്ക് നഷ്ടപ്പെട്ടുള്ളൂ. ആ നിലയ്ക്ക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളും നിർണായകമായ ചൂണ്ടുപലകയാണ്. അടുത്ത ഏപ്രിൽ- മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗംഗാസമതലം എങ്ങനെ വിധിയെഴുതുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ഹൃദയഭൂമിയുടെ രാഷ്ട്രീയരേഖ
1950കൾ മുതൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ് രാജസ്ഥാനും ഛത്തീസ്ഗഡും കൂടി ഉൾപ്പെട്ടെ അന്നത്തെ മദ്ധ്യപ്രദേശ്. ഹിമാചൽപ്രദേശും ഡൽഹിയുമായിരുന്നു മറ്റു രണ്ട് പ്രദേശങ്ങൾ. ഗുജറാത്തിലേക്കും യു.പിയിലേക്കും മറ്റും ഹിന്ദുത്വം പടർന്നുകയറിയത് പിന്നെയും പതിറ്റാണ്ടുകൾക്കു ശേഷമാണ്. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന, മറ്റു കക്ഷികൾക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നും ഇല്ലാത്ത സംസ്ഥാനങ്ങളാണ് രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും.

കോൺഗ്രസും ബി.ജെ.പിയും മാറിമാറി ജയിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. കോൺഗ്രസ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ഭരണം നിലനിറുത്തുമെന്ന് കരുതിയ ഇടമാണ് ഛത്തീസ്ഗഡ്. അഭിപ്രായ സർവേകളും എക്‌സിറ്റ് പോളും അങ്ങനെതന്നെ പ്രവചിച്ചു. പക്ഷേ അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും നരേന്ദ്രമോദി നയിച്ച ഹൈ വോൾട്ടേജ് പ്രചാരണവും അവയെ തകിടംമറിച്ചു. രാജസ്ഥാനും ഛത്തീസ്ഗഡും ബി.ജെ.പി തിരിച്ചുപിടിച്ചു. മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ മദ്ധ്യപ്രദേശ് നിലനിറുത്തി.

ജാതിയും ഉപജാതിയും മുൻനിറുത്തി വിജയസാദ്ധ്യത മാത്രം പരിഗണിച്ച് നടത്തിയ സ്ഥാനാർത്ഥിനിർണയം, ആർ.എസ്.എസിന്റെ ശക്തമായ സംഘടനാ സംവിധാനം, വ്യവസായികളുടെയും മറ്റ് മൂലധന ശക്തികളുടെയും നിർലോപമായ സാമ്പത്തിക പിന്തുണ ഇവയൊക്കെ ബി.ജെ.പിക്ക് ഗുണകരമായി.

കോൺഗ്രസിനെ തോൽപിച്ചത്...

അമിതമായ ആത്മവിശ്വാസവും കളങ്കിതരായ നേതാക്കളുടെ ബാഹുല്യവും തൊഴുത്തിൽകുത്തുമാണ് കോൺഗ്രസിന്റെ കഥകഴിച്ചത്. രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ നടന്ന മൂപ്പിളമ തർക്കം അവസാന നിമിഷത്തിൽ പോലും പരിഹരിക്കാൻ കഴിഞ്ഞില്ല. മദ്ധ്യപ്രദേശിൽ സമാജ് വാദി പാർട്ടിയെ തീരെ പരിഗണിക്കാഞ്ഞതും വിനയായി. കോൺഗ്രസ് ജയിച്ചാൽ ജാതിസെൻസസ് നടപ്പാക്കുമെന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനവും ഏശിയില്ല. ഹമാസിന്റെ ആക്രമണത്തിന് പ്രിയങ്കാഗാന്ധി നല്കിയ പിന്തുണ വിപരീതഫലം ഉളവാക്കി. സനാതന ധർമ്മത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശങ്ങളും കാസർകോട്ട് ഹമാസ് പോരാളികളെ അനുകൂലിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസംഗവുമൊക്കെ ബി.ജെ.പിക്കാർ സമർത്ഥമായി ഉപയോഗിച്ചു. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കിയത് മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് ഗുണകരമായി-പട്ടികവർഗക്കാർക്ക് സംവരണം ചെയ്ത മണ്ഡലങ്ങളിലൊക്കെ താമരതന്നെ വിരിഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കവേ മൂന്നു സംസ്ഥാനങ്ങളിലെ വമ്പിച്ച വിജയം ബി.ജെ.പിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. നരേന്ദ്രമോദി അജയ്യനാണെന്ന് എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കുന്നു. ദേശീയ വികാരവും ഹിന്ദുത്വവും വികസന മുദ്രാവാക്യവും സമാസമം ചേർത്ത ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം ഉത്തരേന്ത്യയിൽ ഉത്തരോത്തരം വിജയിക്കുന്നതായാണ് കാണുന്നത്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുമെന്ന അവകാശവാദം, അടിസ്ഥാനസൗകര്യ വികസനത്തിൽ സമീപകാലത്തുണ്ടായ കുതിച്ചുകയറ്റം, ആദിവാസികൾക്കും സ്ത്രീകൾക്കും വേണ്ടി നടപ്പാക്കിയ ക്ഷേമപദ്ധതികൾ, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട്, പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോൽ, രാമക്ഷേത്ര നിർമാണം എന്നിവയൊക്കെ ഇവയുടെ ദൃഷ്ടാന്തങ്ങളാണ്.

കാലാവസ്ഥ മാറുമ്പോൾ

ആർ.എസ്.എസിന്റെ പ്രചാരണ സംവിധാനവും മൂലധനശക്തികളുടെ അകമഴിഞ്ഞ പിന്തുണയും കൂടിയാവുമ്പോൾ ചിത്രം വ്യക്തമാകും. ശിരോമണി അകാലിദൾ, ബഹുജൻ സമാജ് പാർട്ടി, തെലുങ്കുദേശം, ബി.ആർ.എസ്, അണ്ണാ ഡി.എം.കെ, ജനതാദൾ (എസ് )തുടങ്ങിയ പ്രാദേശിക കക്ഷികളെക്കൂടി ദേശീയ ജനാധിപത്യ സഖ്യത്തിൽ കൊണ്ടുവരാൻ ഇപ്പോഴത്തെ വിജയം ബി.ജെ.പിയെ സഹായിക്കും. മറുവശത്ത് ആശയക്കുഴപ്പവും അങ്കലാപ്പും വ്യക്തമണ്. മൂന്നു സംസ്ഥാനങ്ങളിലും നേരിട്ട അപ്രതീക്ഷിത പരാജയം കോൺഗ്രസിന്റെ ആത്മവിശ്വാസം കെടുത്തിയിരിക്കുന്നു. രാഹുൽ-പ്രിയങ്ക ടീമിന്റെ നേതൃപാടവത്തെയും കെ.സി.വേണുഗോപാൽ, ​രൺദീപ്‌സിംഗ് സുർജേവാല എന്നിവരുടെ ആസൂത്രണ വൈഭവത്തെയും കുറിച്ച് ആർക്കും മതിപ്പില്ല. മല്ലികാർജുൻ ഖാർഗെ, അശോക് ഗെഹ്‌ലോട്ട്, കമൽനാഥ് മുതലായ ഓടിത്തളർന്ന കുതിരകൾ പോരാ നരേന്ദ്രമോദിയെ നേരിടാനെന്ന വികാരവും ശക്തമാണ്.

'ഇന്ത്യ" മുന്നണിയിലും അസ്വാരസ്യം പുകയുകയാണ്. നിധീഷ് കുമാറും മമതാബാനർജിയും അഖിലേഷ് യാദവും പിണറായി വിജയനും തങ്ങളുടെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. ആശയപരമായ ഐക്യവും കെട്ടുറപ്പുമില്ലാതെ പ്രതിപക്ഷ മുന്നണിക്ക് എത്രദൂരം പോകാൻ കഴിയുമെന്നതും സംശയാസ്പദമാണ്. മഹാദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ 2024-ലും ചെങ്കോട്ടയിൽ കാവിക്കൊടിതന്നെ പാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, NARENDRA MODI, CONGRESS, ELECTION, INDIA, AMITHSHAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.