SignIn
Kerala Kaumudi Online
Wednesday, 18 September 2024 4.54 PM IST

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു: ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Increase Font Size Decrease Font Size Print Page
sabarimala-

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ 6 മുതലുള്ള നാലു ദിവസങ്ങളിൽ ഇത് 88,000 ആയി വർദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്‌പോട്ട് ബുക്കിംഗ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോർഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്‌കർഷ പുലർത്തണം. പൊലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പൊലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജൻസികളിൽ നിന്ന് വളണ്ടിയർമാരെ കണ്ടെത്തണം.

ശബരിമലയിൽ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. തെറ്റായ വാർത്തകൾ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ ഇടപെടൽ ഉണ്ടാവണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. തീർത്ഥാടകർ വരുന്ന പാതകളിൽ ശുചീകരണം ഉറപ്പാക്കണം. തീർത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMALA, PINARAYI, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.