തിരുവനന്തപുരം: നവകേരള സദസ് പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യുവിന്റെ മാർച്ച്. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാർച്ച് നടത്തുന്നത്. രാവിലെ പത്തരയ്ക്കാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.
നവകേരള സദസ് യാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കഴിഞ്ഞദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നവകേരള സദസ്സിന്റെ ബാനറുകൾ പ്രവർത്തകർ തല്ലിത്തകർക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
പൊലീസിന്റെ ഷീൽഡുകൾ അടിച്ചുപൊട്ടിച്ചു. സെക്രട്ടേറിയറ്റിന്റെ മതിൽച്ചാടി കടക്കാൻ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെ കല്ലേറ് നടത്തി. അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോയില്ല. പലവട്ടം നടത്തിയ ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. കാൽമുട്ടിന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ പ്രവർത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറി.
രോഷാകുലരായ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. വീണ്ടും ലാത്തിച്ചാർജായി. അറസ്റ്റുചെയ്ത് നീക്കാൻ വന്ന പൊലീസ് ബസിന്റെ ചില്ല് തകർത്തു. വനിതകളുൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റുചെയ്ത് കയറ്റിയ ബസ് തടഞ്ഞു. പ്രവർത്തകരെ പുറത്തിറക്കി. ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ ഓടിച്ചശേഷം അറസ്റ്റുചെയ്തവരെ സായുധസേന ക്യാമ്പിലേക്ക് കൊണ്ടുപോയി. വനിതാ പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തിൽ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എംഎൽഎ തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു.
അതേസമയം, ഇന്ന് നവകേരള സദസ് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. ആറ്റിങ്ങലിൽ പ്രഭാതയോഗവും വാർത്താസമ്മേളനവും നടക്കും. ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |