ശ്രീഹരിക്കോട്ട: 2023ൽ ചന്ദ്രനെ കീഴടക്കിയ ഐഎസ്‌ആർഒ പുതുവത്സര ദിനത്തിൽ പുതുചരിത്രം കുറിച്ചു. പിഎസ്‌എൽവിയുടെ അറുപതാമത് വിക്ഷേപണമായ പിഎസ്‌എൽവി -സി 58 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10ന് ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു എക്‌സ്‌പോസാറ്റ് അഥവാ എക്‌സ്‌റേ പോളാരിമീറ്റർ സാറ്റ്‌ലൈറ്റിന്റെ വിക്ഷേപണം.
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക എന്നതാണ് ഐഎസ്‌ആർഒ ഇത്തവണ ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്‌പോസാറ്റ്. ഭൂമിയിൽ നിന്ന് 650 കിലോമീറ്റർഉയരത്തിലുള്ള ഭ്രമണപഥത്തിലേയ്‌ക്കാണ് എക്സ്‌പോസാറ്റിനെ പിഎസ്‌എൽവി 58 എത്തിക്കുക.
തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിർമിച്ച വിമൻ എൻജിനിയേഡ് സാറ്റലൈറ്റ് എന്ന 'വിസാറ്റ്' ഉൾപ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.
30 വർഷത്തിനിടെ പിഎസ്എൽവി 345 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. 1993സെപ്തംബറിലായിരുന്നു ആദ്യവിക്ഷേപണം. ഇതുവരെ 59 വിക്ഷേപണങ്ങൾ നടത്തി. അതിൽ രണ്ടെണ്ണം പരാജയമായി. 1993 സെപ്റ്റംബർ 20ന് കന്നി ദൗത്യം പരാജയപ്പെട്ടു. രണ്ടാമത്തെ പരാജയം 2017 ഓഗസ്റ്റ് 31ന് . 1426 കിലോ ഭാരമുള്ള ഐആർഎൻഎസ്എസ് 1എച്ച് ഉപഗ്രഹവുമായി പിഎസ്എൽവി എക്സ്എൽ പതിപ്പ് കുതിച്ചുയർന്നപ്പോഴായിരുന്നു അത്.
ചന്ദ്രയാൻ 1, മംഗൾയാൻ, ആദിത്യ എൽ1 തുടങ്ങി നിർണ്ണായക വിക്ഷേപണങ്ങളെല്ലാം പിഎസ്എൽവിയിലാണ്. 104 ഉപഗ്രഹങ്ങളെ ഒറ്റക്കുതിപ്പിൽ ബഹിരാകാശത്ത് എത്തിച്ചതാണ് ചരിത്രനേട്ടം. വാണിജ്യവിക്ഷേപണങ്ങളിൽ ലോകത്തെ മുൻനിര റോക്കറ്റാണിത്. കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാമെന്നതാണ് പ്രിയങ്കരമാക്കുന്നത്. അമേരിക്കയുൾപ്പെടെ 36രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പിഎസ്എൽവി വിക്ഷേപിച്ചിട്ടുണ്ട്.
എക്സ്‌പോസാറ്റ് ഉപഗ്രഹം
ഐ.എസ്.ആർ.ഒ.യും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നുണ്ടാക്കിയ ഉപഗ്രഹമാണ് എക്സ്‌പോസാറ്റ്. അഞ്ച് വർഷമാണ് കാലാവധി. ബഹിരാകാശത്തെ നാൽപതോളം ഊർജ്ജ സ്ത്രോസുകളുടെ പഠനമാണ് ലക്ഷ്യം. എക്സ്‌പെക്റ്റ് എന്ന എക്സ് റേ സ്പെക്ട്രോസ്കോപ്പി ആൻഡ് ടൈംമിംഗ്,എക്സ്‌റേ പോളാരിമീറ്റർ എന്നീ ഉപകരണങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |