SignIn
Kerala Kaumudi Online
Thursday, 09 May 2024 6.39 PM IST

മുത്തശ്ശിയുടെ കലിപ്പും, കീലേരി അച്ചുവും

k

'എന്നിട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു.' കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളലിലെ കഥാപാത്രത്തെപ്പോലെ, മറിയക്കുട്ടി മുത്തശ്ശിയുടെ അരിശവും അടങ്ങുന്നില്ല.നാല് മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ തെരുവിലിറങ്ങി ഭിക്ഷാടന സമരം നടത്തിയ മുത്തശ്ശി ഒടുവിൽ കോടതി കയറിയാണ് അനുകൂല വിധിയും ഒരു മാസത്തെ പെൻഷൻ കുടുശികയും നേടിയെടുത്തത്. ഭിക്ഷാടന പ്രതിഷേധത്തെ കോൺഗ്രസ് നേതാക്കൾ അനുകൂലിച്ചപ്പോൾ, മറിയക്കുട്ടി കോൺഗ്രസുകാരിയാണെന്നായി സി.പി.എം സഖാക്കൾ. മറിയക്കുട്ടി രാഷ്ട്രീയം കളിക്കുകയാണെന്നാണ് സർക്കാർ ഹൈക്കോടതിയിലും ആരോപിച്ചത്. കോടതിയിൽ നിന്ന് സർക്കാരിന്

'നല്ല പെട' കിട്ടിയിട്ടും മുത്തശ്ശി വിടുന്ന ഭാവമില്ല. പിണറായി സർക്കാരിനോട് മാത്രമല്ല, നവ കേരള ബസിന് നേരേ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ച പൊലീസുകാരോടും കട്ടക്കലിപ്പിലാണ് മുത്തശ്ശി... 'പിണറായിയുടെ വാക്ക് കേട്ട് കുട്ടികളെ തല്ലിച്ചതച്ച പൊലീസുകാരെ ഞങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട് 'എന്നാണ് തഴക്കം വന്ന രാഷ്ട്രീയ നേതാവിന്റെ ഭാവത്തിൽ മുത്തശ്ശിയുടെ മുന്നറിയിപ്പ്. അതും ബി.ജെ.പിയുടെ വേദിയിൽ നിന്ന്...'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന തോപ്പിൽ ഭാസിയുടെ നാടകത്തിലെ കഥാപാത്രത്തെപ്പോലെ, 'നിങ്ങളെന്നെ ബി.ജെ.പിയാക്കി' എന്നാണത്രെ. മുത്തശ്ശി ഇപ്പോൾ പറയുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദിയിലിരിക്കാനും കഴിഞ്ഞു.

മറിയക്കുട്ടി ഈ പ്രായത്തിൽ ഏത് രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളുന്നു എന്നതിലല്ല, അവർ ഉയർത്തുന്ന ആവലാതിക്കാണ് ഗൗരവം. അത് അവരുടെ മാത്രം ആവലാതിയല്ല. വാർദ്ധക്യ കാലത്ത് മരുന്ന് വാങ്ങാൻ പോലും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാതിരിക്കാൻ മറിയക്കുട്ടിയെപ്പോലുള്ള പതിനായിരങ്ങൾക്ക് സർക്കാർ പ്രതിമാസം നൽകുന്ന 1600രൂപ പെൻഷൻ വലിയ തുകയാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. 600രൂപയായിരുന്ന പെൻഷൻ 1600രൂപയായി ഉയർത്തിയത് പിണറായി സർക്കാരിന്റെ പ്രതിബദ്ധതയാണെന്നതിൽ തർക്കമില്ല. പക്ഷേ, എത്ര വയർ മുറുക്കി ഉടുത്തായാലും, പുതു വർഷം മുതൽ മാസാമാസം പെൻഷൻ നൽകി വൃദ്ധജനങ്ങളുടെ കണ്ണീരും ശാാപവും വീഴാതിരിക്കാൻ സർക്കാർ കനിയണമെന്നാണ് വിദുരർക്ക് ഉണർത്തിക്കാനുള്ളത്.

######### ######### ######### #########

'ആരുണ്ടെടാ ഇവിടെ എന്നോട് കളിക്കാൻ? നട്ടെല്ലുള്ളവനുണ്ടെങ്കിൽ ഇറങ്ങി വാടാ'. കൈലി മടക്കിക്കുത്തി ഷർട്ടിന്റെ കൈകൾ തിരുകിക്കയറ്റി നിവർത്തി പിടിച്ച കത്തിയുമായി തെരുവിൽ നിന്ന് വെല്ലുവിളിക്കുന്ന 'കൺകെട്ട് ' സിനിമയിലെ ഭീരുവായ 'കീലേരി അച്ചു'വിനെ (മാമുക്കോയ) പ്രേക്ഷകർക്ക് ചിരിയോടെയേ ഓർക്കാനാവൂ. 'പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എതിരാളിയായി വന്നാലും എനിക്ക് പ്രശ്നമില്ല ' എന്ന് തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ നാലാമൂഴത്തിന് തയ്യാറെടുക്കുന്ന ശശി തരൂരിന്റെ ചാനൽ പ്രഖ്യാപനവും 'കീലേരി അച്ചു'വിന്റെ വീര വാദം പോലെയാണെന്നാണ് ബി.ജെ.പിക്കാരുടെ പരിഹാസം. തരൂരിന്റേത് വല്ലാത്ത തള്ളായിപ്പോയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. തിരുവനന്തപുരത്ത് തരൂരിനെ തോൽപ്പിക്കാൻ നരേന്ദ്ര മോദി വരേണ്ട കാര്യമില്ലെന്നും, ഇവിടത്തെ സാധാരണ ബി.ജെ.പി നേതാക്കൾ മതിയെന്നുമുള്ള സുരേന്ദ്രന്റെ വാദം അതിലും വലിയ തള്ളാണെന്ന് കോൺഗ്രസുകാരും. വയനാട് സീറ്റ് വിട്ടുകൊടുക്കാൻ ബി.ഡി.ജെ.എസ് തയ്യാറായാൽ 'കിടിലൻ' സ്ഥാനാർത്ഥിയെ നിറുത്തി രാഹുൽ ഗാന്ധിയെ മുട്ടു കുത്തിക്കുമെന്ന് സുരേന്ദ്രൻ തള്ളി മറിച്ചു കളഞ്ഞതിലാണ് കോൺഗ്രസുകാരുടെ ചിരി. തിരഞ്ഞെടുപ്പ് അടുത്ത് വരുകയല്ലേ. ഇതിലും വലിയ തള്ളുകൾ ഇനി എത്ര കാണാനിരിക്കുന്നു!.

######### ######### ######### #########

'നിൽക്കണോ, അതോ പോകണോ?.' വല്ലാത്ത ഊരാക്കുടുക്കിൽ അകപ്പെട്ടിരുക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. വിഷയം അയോദ്ധ്യയിൽ നിർമ്മിച്ച രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് തന്നെ. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച കോൺഗ്രസ് മാത്രമല്ല, ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളും വാലിൽ തീപിടിച്ച അവസ്ഥയിലാണ്. സി.പി.എമ്മും,ശിവസേനയും ഉൾപ്പെടെയുള്ള പാർട്ടികൾ ക്ഷണം കൈയോടെ നിരസിച്ചു. മറ്റ് ചില പാർട്ടികൾ കൊണ്ടുപിടിച്ച ആലോചനയിലാണ്. ശരിക്കും 'ചെകുത്താനും ചെങ്കടലിനും' ഇടയിൽ അകപ്പെട്ടത് കോൺഗ്രസാണ്. കോൺഗ്രസിലെ മൂന്ന് പേർക്കാണ് ക്ഷണം. സോണിയാജി, ഖാർഗെ, അധീർ രഞ്ജൻ ചൗധരി ക്ഷണം വ്യക്തിപരമായതിനാൽ പകരക്കാരെ അയയ്ക്കാനും പഴുതില്ല.'പോയേ തീരൂ എന്നും, അല്ലെങ്കിൽ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടർമാർ വെള്ളം കുടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കളിൽ ഒരു കൂട്ടർ. പോകാനേ പാടില്ലെന്നും, ബി.ജെ.പിയുടെ കെണിയിൽ വീഴരുതെന്നും മറ്റൊരു കൂട്ടർ. ഇങ്ങ് കേരളത്തിലെ കോൺഗ്രസ് അണ്ണന്മാരും ഇക്കാര്യത്തിൽ രണ്ട് തട്ടിൽ. പോകാനേ പാടില്ലെന്ന് കട്ടായം പറഞ്ഞ് വി.എം.സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും, കെ.മുരളീധരനും. അതൊക്കെ അങ്ങ് ഡൽഹിയിലെ വലിയ ചേട്ടന്മാർ തീരുമാനിക്കുമെന്ന് കെ.സുധാകരനും, വി.ഡി.സതീശനും

ക്ഷണത്തിന്റെ പേരിൽ ഇന്ത്യ മുന്നണി തന്നെ ചിന്നഭിന്നമാകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.അതിനിടെ ഹിമാചൽ മുഖ്യമന്ത്രി ക്ഷണിച്ചില്ലെങ്കിലും പോകും എന്ന പ്രസ്താവനയുമിറക്കി

പണ്ട്, അയോദ്ധ്യയിലെ രാമക്ഷേത്ര നിമ്മാണത്തിനുള്ള കർസേവകരെ യു.പിയിൽ പൊലീസ് വെടിവച്ചു കൊന്നതിന്റെ പാപഭാരം സംഘപരിവാറുകാർ ചുമത്തുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവിന്റെ മേലാണ്. അന്തരിച്ച മുലായം സിംഗിന്റെ മകൻ അഖിലേഷ് യാദവ് പ്രസിഡന്റായ സമാജ് വാദി പാർട്ടിക്ക് ചടങ്ങിന് ക്ഷണമില്ല. ഇനി ക്ഷണിച്ചാലും പോകുമെന്നാണ് അഖിലേഷിന്റെ പത്നി ഡിമ്പിളിന്റെ പ്രതികരണം.

പ്രതിഷ്ഠാ ചടങ്ങിന് കോൺഗ്രസ് പോകുന്നതിനെതിരെ കണ്ണുരുട്ടി നിൽപ്പാണ് യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗ്. സമസ്തയുടെ മുന്നറിയിപ്പും വന്നു കഴിഞ്ഞു. ഇതൊക്കെ കണ്ട് നഖം നനയാതെ നത്തയെടുക്കാമെന്ന ഉത്സാഹത്തിലാണ് സി.പി.എം. മതത്തെയും, ക്ഷേത്രത്തെയും രാഷ്ട്രീയ വത്കരിക്കുന്നതിലാണ് സി.പി.എമ്മിന് കലിപ്പ്.സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരിക്ക് ക്ഷണക്കത്ത് ലഭിച്ചത് പേരിൽ സീതയും രാമനും ഉള്ളതു കൊണ്ടാണെന്നാണത്രെ. സോണിയാജി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് ഒടുവിൽ കേട്ടത്! അവർക്ക് ക്ഷണിക്കാതിരുന്നാൽ പോരായിരുന്നോ?. മോദിജിയും കൂട്ടരും ഒപ്പിക്കുന്ന പുകിലേ!

നുറുങ്ങ്:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ പുരോഹിതർ മണിപ്പൂരിലെ കലാപത്തെക്കുറിച്ച് മിണ്ടിയില്ലെന്ന് റിപ്പോർട്ട്.

# പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന കാര്യം സജി ചെറിയാനും

ഇപ്പോൾ മനസിലായിക്കാണും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.