SignIn
Kerala Kaumudi Online
Saturday, 12 September 2026 2.45 PM IST

കളക്ടറുടെ കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി; ഡോക്ടറെത്തിയത് ഒപി നിറുത്തിവച്ച്, പ്രതിഷേധം

READ ENGLISH VERSION
collector

തിരുവനന്തപുരം: കാലിലെ കുഴിനഖം പരിശോധിക്കാൻ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ് ഒപിയ്ക്കിടെ സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചെന്ന ആരോപണവുമായി കെജിഎംഒ. കളക്ടറുടെ നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടന ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നിന്നാണ് സ്വകാര്യ ആവശ്യത്തിന് ഒരു സർജനെ വീട്ടിലേക്ക് വിടണമെന്നാവശ്യപ്പെട്ട് ഡിഎംഒയ്ക്ക് ഫോൺ സന്ദേശമെത്തുന്നത്. അത്തരമൊരു കീഴ്‌വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല. എന്നാൽ വീണ്ടും ആവശ്യപ്പെട്ടതോടെ ഡിഎംഒ ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിനെ വിളിച്ച് കളക്ടറുടെ വീട്ടിലേക്ക് ഡോക്ടറെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ആശുപത്രിയിലെ സർജറി വിഭാഗത്തിൽ നിന്ന് ഒരു ഡോക്ടറെ ഇതിനായി നിയോഗിക്കുകയായിരുന്നു. നല്ല തിരക്കുള്ള സമയത്ത് ഒപിയിലെ പരിശോധന നിറുത്തിവയ്പ്പിച്ചുകൊണ്ടായിരുന്നു ഡോക്ടറെ കളക്ടറുടെ വീട്ടിലേക്ക് അയച്ചത്. എന്തിനാണ് ഡോക്ടറെ വിളിച്ചുവരുത്തുന്നതെന്ന് കളക്ടർ പറഞ്ഞിരുന്നില്ല. അവിടെ ചെന്നപ്പോഴാണ് കുഴിനഖ ചികിത്സയ്ക്കാണെന്ന് വ്യക്തമായത്.

ഡോക്ടർ എത്തുമ്പോൾ മീറ്റിങ്ങിലായിരുന്ന കളക്ടർ. മുക്കാൽ മണിക്കൂറോളം കാത്തുനിന്നശേഷമാണ് ഡോക്ടർക്ക് കളക്ടറെ കാണാൻ കഴിഞ്ഞത്. അപ്പോഴാണ് കുഴിനഖചികിത്സയ്ക്കാണ് വിളിച്ചുവരുത്തിയതെന്ന് വ്യക്തമാക്കിയത്. തുടർന്ന് ചികിത്സ നൽകിയശേഷം ഡോക്ടർ മടങ്ങി. കളക്ടറുടെ നടപടി അധികാര ദുർവിനിയോഗമാണെന്നും ഡോക്ടർമാരുടെ അന്തസ് കാത്തുസൂക്ഷിക്കുന്ന നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ് ജനറൽ ആശുപത്രി. മണിക്കൂറുകൾ ക്യൂ നിന്നശേഷമാണ് രോഗികൾക്ക് ഡോക്ടർമാരെ കാണാൻ കഴിയുന്നത് തന്നെ. ആകാവുന്നതിനും അപ്പുറം രോഗികളെയാണ് ഓരോദിവസവും ഡോക്ടർമാർ പരിശോധിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCTOR, TRIVANDRUM COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA