കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ 12 നോട്ടിക്കൽ മൈൽ പരിധിക്ക് അപ്പുറം മത്സ്യബന്ധനം നിയന്ത്രിക്കാൻ കേന്ദ്രനിയമം അനിവാര്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.ഫ്.ആർ.ഐ) ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. നിതി ആയോഗിന്റെ നേതൃത്വത്തിൽ സി.എം.ഫ്.ആർ.ഐയിൽ നടന്ന വികസന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമുദ്രാതിർത്തിയിൽ സുസ്ഥിര സംവിധാനം നടപ്പാക്കാൻ ഇതാവശ്യമാണ്. തീരക്കടലിലെ മത്സ്യബന്ധനം നിയന്ത്രിക്കാൻ നിലവിലെ സംസ്ഥാന നിയമങ്ങൾ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രസമ്പത്തിന്റെ ശാസ്ത്രീയ വംശസംഖ്യാനിർണയം (സ്റ്റോക് അസസ്‌മെന്റ്) ആവശ്യമാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ അപകട ഇൻഷ്വറൻസ്, ബോട്ട് ഇൻഷ്വറൻസ് തുടങ്ങിയവ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ. ജെന ചർച്ച നിയന്ത്രിച്ചു.
കൂട് മത്സ്യക്കൃഷി
കാര്യക്ഷമമാക്കണം
* കടലിലെ കൂട് മത്സ്യക്കൃഷി ഉൾപ്പെടെയുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം.
* സമുദ്രമത്സ്യലഭ്യതയുടെ കണക്കെടുപ്പിനും മത്സ്യബന്ധനയാനങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും നിർമ്മിതബുദ്ധി അധിഷ്ഠിത ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നടപ്പാക്കണം.
* ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണ-പഠന പദ്ധതികൾ ആരംഭിക്കണം.
* മത്സ്യോത്പാദനം കൂട്ടാൻ കടലിൽ കൃത്രിമപാരുകൾ സ്ഥാപിക്കുന്ന പദ്ധതിയെക്കുറിച്ച് തുടർപഠനങ്ങൾ നടത്തണം.
* മത്സ്യത്തീറ്റകൾക്കായി ഉപയോഗിക്കാവുന്ന മത്സ്യസമ്പത്തിന്റെ നിലവിലെ സ്ഥിതിയും സാദ്ധ്യതകളും കൃത്യമായി വിലയിരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |