കൊല്ലം: അറുപത്തി രണ്ടാമത് സ്കൂൾ കലോത്സവത്തിന്റെ കീരിടം കണ്ണൂർ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് വെെകിട്ട് അഞ്ചിന് ആശ്രമ മെെതാനത്തിലെ പ്രധാനവേദിയിൽ ആരംഭിച്ച സമാപന സമ്മേളനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് മുഖ്യാതിഥിയായി എത്തിയത്. എന്നാൽ ആദ്യം സമാപന സമ്മേളനത്തിന് വിളിച്ചപ്പോൾ മമ്മൂട്ടി വരാൻ കഴിയില്ലെന്നാണ് പറഞ്ഞതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഷൂട്ടിംഗ് ഉണ്ടെന്നും അത് മുടങ്ങിയാൽ നിരവധി അണിയറപ്രവർത്തകർ കഷ്ടത്തിലാകുമെന്നാണ് മമ്മൂട്ടി കാരണമായി പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
'എന്നാൽ മമ്മൂട്ടി വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു. മമ്മൂട്ടിക്ക് അങ്ങനെ തീരുമാനം എടുക്കാൻ പറ്റില്ല. മമ്മൂട്ടി നമ്മുടെ മലയാളികളുടെ പൊതു സ്വത്താണ്. അവസാനം മമ്മൂട്ടി വരാൻ തയ്യാറാക്കുകയായിരുന്നു.'- ശിവൻകുട്ടി പറഞ്ഞു.
കൂടാതെ വിവിധ വേദികളിലായി 239 മത്സരം നടന്നെന്നും ഒന്നിനും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വേദിയിലും പറഞ്ഞ സമയത്ത് മത്സരം നടന്നു അതെല്ലാം കൊല്ലത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. സമ്മാനം വാങ്ങുന്നവർക്ക് 1000 രൂപയാണ് ഇപ്പോൾ നൽകുന്നത് അത് അടുത്ത വർഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്‌കൂൾ കലോത്സവത്തിന്റെ സമാപനദിവസം ക്ഷണിച്ചപ്പോൾ യുവജനങ്ങൾക്കിടയിൽ തന്നെപ്പോലെ ഒരാൾക്ക് എന്തുകാര്യമെന്ന് ആലോചിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു. ഈ പരിപാടിയ്ക്ക് പറ്റിയ യോഗ്യനായ ആള് നിങ്ങളാണെന്ന് മന്ത്രി നിർബന്ധിച്ച് പറഞ്ഞു. താനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹം കണ്ടുപിടിച്ചതെന്നും എന്നാൽ കാഴ്ചയിൽ മാത്രമേ അതുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞത് വേദിയിൽ ചിരിയുണർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |