ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം അടുത്തുവരികയാണ്. ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. എന്നാൽ ഇന്ത്യക്കാരെപ്പോലെ അയോദ്ധ്യ ക്ഷേത്രത്തിന് വേണ്ടി കാത്തിരിക്കുന്ന മറ്റൊരു രാജ്യം കൂടി ഈ ലോകത്തുണ്ട്. നമ്മുടെ അടുത്തുള്ള അയൽ രാജ്യമാണ് അതെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ദക്ഷിണ കൊറിയയാണ് രാമക്ഷേത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്, അതിന് ചില കാരണങ്ങൾ കൂടിയുണ്ട്.
അയോദ്ധ്യയും ദക്ഷിണ കൊറിയയും തമ്മിൽ ചരിത്രപരമായി ചില ബന്ധങ്ങളുണ്ട്. കൊറിയയുടെ പുരതാന ചരിത്ര പുസ്തകത്തിൽ ഒരു ഇന്ത്യൻ രാജകുമാരി കൊറിയൻ രാജാവായ കിം സുറോയെ വിവാഹം കഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജകുമാരി 'അയോദ്ധ'യിൽ നിന്നാണെന്ന് ചരിത്രപുസ്‌തകത്തിൽ പറയുന്നു. ഇന്നത്തെ അയോദ്ധ്യയാണ് ആ അയോദ്ധയെന്ന് കൊറിയക്കാർ അവകാശപ്പെടുന്നു.
സുരിരത്ന (ഇന്ത്യൻ പേര്) അല്ലെങ്കിൽ ഹിയോ ഹ്വാംഗ് ഓകെ (കൊറിയാൻ പേര്) എന്ന രാജകുമാരിയാണ് ഇന്ത്യയിൽ നിന്ന് കൊറിയയിലേയ്ക്ക് പോയത്. ഈ ദമ്പതികൾക്ക് ആകെ 12 കുട്ടികളുണ്ടെന്നും അവരുടെ വംശം അയോദ്ധ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് പറയുന്നത്. കിം സുറോ രാജാവിന്റെ ശവകുടീരത്തിൽ നിന്നും അയോദ്ധ്യയുടെ പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
2000-01 കാലഘട്ടത്തിൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കീഴിൽ ഈ ബന്ധം പുതുക്കിയിരുന്നു. കിംഹേയിലെ മെയർ ആയ കിംഹെയുമായി ചേർന്ന് അയോദ്ധ്യയെ ഒരു സഹോദര നഗരമായി വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2001ൽ ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടിട്ടുണ്ട്. അയോദ്ധ്യയിലെ സരയൂ നദിയുടെ അടുത്ത് ഇന്ത്യയിൽ നിന്ന് കൊറിയയിൽ പോയ രാജ്ഞിയുടെ സ്മരണയ്ക്കായി ഒരു സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. 2018ൽ ദക്ഷിണ കൊറിയയുടെ പ്രഥമ വനിത കിം ജുംഗ് സൂക്ക് ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഇന്നും ആയിരക്കണക്കിന് കൊറിയക്കാർ അവരുടെ മാതൃഭവനമായി അയോദ്ധ്യയെയാണ് കാണുന്നത്. ഇതുകൊണ്ടാണ് കൊറിയക്കാർക്ക് അയോദ്ധ്യയിലെ രാമക്ഷേത്രം വളരെ പ്രത്യേകത നിറഞ്ഞതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |