കൊച്ചി: പനങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ ജീപ്പിൽ 'പൊലീസ്"എന്ന് എഴുതിയതിലെ അക്ഷരപ്പിശക് സേനയ്ക്കാകെ നാണക്കേടായി. 'പൊയിൽസ്" (POILCE) എന്നാണ് എഴുതിയിരുന്നത്.
ഇന്നലെ ഉച്ചയോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കമ്മിഷണർ ഓഫീസ് മാർച്ച് നടത്തി മടങ്ങുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരാണ് തെറ്റ് കണ്ടുപിടിച്ചത്. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ചുറ്റുംകൂടി കൂവി ആഘോഷമാക്കി.
കസ്റ്റഡിയിലെടുത്ത തട്ടിപ്പുകേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പനങ്ങാട് എസ്.ഐയും സംഘവും സഞ്ചരിച്ച ജീപ്പ് കോൺഗ്രസുകാർക്കിടയിൽ പെട്ടുപോവുകയായിരുന്നു. പൂത്തോട്ടയിലെ പ്രിന്റിംഗ് സ്ഥാപനത്തിൽ ഇന്നലെ രാവിലെയാണ് ജീപ്പിൽ സ്റ്റിക്കർ ഒട്ടിച്ചത്. കോൺഗ്രസ് പ്രവർത്തകർ തെറ്റ് കണ്ടുപിടിച്ചപ്പോഴാണ് എസ്.ഐ പോലും ഇക്കാര്യം അറിഞ്ഞത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റിക്കർ നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |