ചേർത്തല: നഗരത്തിൽ സംരംഭകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി നൽകിയിരുന്നതെങ്കിലും പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് അതിക്രമിച്ചുകയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പ്രവർത്തനങ്ങൾ തടസപ്പെടുത്തിയതിനാണ് കേസെടുത്തത്.
നഗരസഭാ രണ്ടാംവാർഡിൽ വേളോർവട്ടം പ്രദേശത്തെ മൂന്നരയേക്കറോളം വരുന്ന സ്ഥലത്താണ് സംരംഭത്തിനായി പ്രവർത്തനങ്ങൾ തുടങ്ങിയത്.ഇവിടെ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷമാണെന്നും തണ്ണീർതടങ്ങൾ നികത്തിയാണെന്നും കാട്ടിയാണ് പരാതി ഉയർന്നത്. ഇതേ തുടർന്ന് നഗരസഭ പ്രവർത്തനങ്ങൾ നിർത്താൻ നോട്ടീസ് നൽകിയിരുന്നു.
രേഖയിൽ കരഭൂമിയാണെന്നാണ് കമ്പനിയുടെ വാദം. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ കാരണം നിരവധി തോടുകളും തണ്ണീർതടങ്ങളും നികത്തപ്പെടുമെന്ന ആശങ്കയുമായി ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ഇതിനെ തുടർന്ന് റവന്യൂ വിഭാഗം പൊതു തോടു കൈയേറിയെന്ന പരാതിയിലടക്കം അന്വേഷണം നടത്തുന്നുണ്ട്.
നിയമനടപടി സ്വീകരിക്കും:
മത്സ്യതൊഴിലാളി ഫെഡറേഷൻ
നഗരസഭ രണ്ടാം വാർഡിൽ നിയമങ്ങൾ മറികടന്ന് നടക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ സാമ്പത്തിക ആരോപണവും അസത്യ പ്രചരണങ്ങളും നടത്തിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഉൾനാടൻ മത്സ്യതൊഴിലാളി ഫെഡറേഷൻ സെക്രട്ടറി എൻ.ആർ.ഷാജി പറഞ്ഞു. പ്രചരണം നടത്തിയകാര്യങ്ങളൊന്നും പരാതിക്കാരൻ മൊഴിയിൽ പറഞ്ഞിട്ടില്ലെന്നും തനിക്കും സംഘടനക്കും മാനഹാനിയുണ്ടാക്കുന്ന പ്രചരണമാണ് നടത്തിയതെന്നും എൻ.ആർ.ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വകുപ്പുകളുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതേ തുടർന്ന് സംഘടന വിവിധ വകുപ്പുകളിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |