SignIn
Kerala Kaumudi Online
Wednesday, 17 April 2024 7.45 AM IST

2024ൽ ലോകസമാധാനം തകരാതിരിക്കണമെങ്കിൽ ചൈന ഈ രാജ്യത്തെ ആക്രമിക്കരുത്, പകരം വീട്ടുക അമേരിക്ക

taiwan

ഒരുവൻ ലോകം മുഴുവൻ നേടിയാലും, സ്വന്തം ആത്മാർത്ഥത നഷ്ടപ്പെട്ടാൽ എന്തു ഫലം എന്ന ബൈബിൾ വാചകം കണക്കെയാണ് ഇപ്പോഴത്തെ ചൈനയുടെ അവസ്ഥ. അമേരിക്കയെയും കടത്തിവെട്ടി നിരവധി സാമ്പത്തിക മേഖലകളിൽ വലിയ വളർച്ച കൈവരിച്ചു കഴിഞ്ഞു. സാമ്പത്തിക നിക്ഷേപങ്ങൾ ഏഷ്യയും ആഫ്രിക്കയും കടന്ന് ലാറ്റിൻ അമേരിക്കവരെ എത്തിയിരിക്കുന്നു. പാലസ്തീൻ, യുക്രെയിൻ അടക്കമുള്ള വിഷയങ്ങളിൽ ലോകം ഇന്ന് ഉറ്റുനോക്കുന്നത് ചൈനീസ് ഇടപെടലുകളാണ്. എന്നാൽ ചൈനയുടെ അവിഭാജ്യഘടകമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുള്ള തായ്‌വാനിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ചൈനീസ് വിരുദ്ധ രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡി.പി.പി) സ്ഥാനാർത്ഥിയായ വില്യം ലായാണ്.

ശരിയായ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യാൻ ചൈന തായ്‌വാൻ ജനതയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ചൈനീസ് അനുകൂല കുമിന്താംഗ് പാർട്ടിയെ തായ്‌വാനിലെ ജനങ്ങൾ പരാജയപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ സൈനിക നടപടികളിലൂടെ തായ്‌വാനെ ചൈനയോടൊപ്പം ചേർക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ പുതുവത്സരദിന സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഈ ഫലം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. കടുത്ത അമേരിക്കൻ പക്ഷപാതിയാണ് വില്യം ലായ്. തായ്‌വാന് ആയുധങ്ങളും സംരക്ഷണവും നൽകുന്ന അമേരിക്ക ഒരു ഭാഗത്തും, മുറിവേറ്റ ചൈന മറുഭാഗത്തും അണിനിരക്കുമ്പോൾ ഈ വർഷം ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു മഹായുദ്ധമാണോ എന്നതാണ് ആശങ്ക.

രണ്ടു ചൈനകൾ ഉണ്ടായത്

ചൈനയ്ക്കു സമീപം നിരവധി ദ്വീപുകൾ അടങ്ങിയ പ്രദേശമാണ് തായ്‌വാൻ. ജനസംഖ്യ രണ്ടരക്കോടിയോടടുത്ത് മാത്രം. ഔദ്യോഗിക നാമം റിപ്പബ്ളിക് ഒഫ് ചൈന (ചൈനയുടെ പേര്, പീപ്പിൾസ് റിപ്പബ്ളിക് ഒഫ് ചൈന). ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ ലോകത്ത് 21 എന്ന മികച്ച സ്ഥാനം. മെയിൻലാന്റ് ചൈനയോട് ചരിത്രപരമായി അടുത്ത ബന്ധം പുലർത്തിപ്പോന്നവയാണ് ഈ ദ്വീപുകൾ. തായ്‌വാന്റെ ജനസംഖ്യയിൽ 97 ശതമാനവും ചൈനീസ് ഹാൻ വംശജരാണ്. ഭൂരിപക്ഷ ഭാഷ ചൈനീസ് മണ്ടാറിനും.

ജപ്പാന്റെ അധിനിവേശത്തിലായിരുന്ന ഈ പ്രദേശം രണ്ടാംലോക മഹായുദ്ധിനൊടുവിലാണ് സ്വതന്ത്രമായത്. ചൈനയിൽ ചിയാൻ കൈഷെക്കിന്റെ കുമിന്താംഗ് വിഭാഗവും, മാവോ സേ തുങിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അധികാര തർക്കത്തിൽ മാവോവിഭാഗം വിജയിക്കുകയും 1949 ഒക്ടോബർ ഒന്നിന് പീപ്പിൾസ് റിപ്പബ്ളിക്ക് ഒഫ് ചൈന എന്ന ഇന്നത്തെ ചൈന നിലവിൽ വരികയും ചെയ്തു. പരാജയപ്പെട്ട കുമിന്താംഗുകൾ തായ്‌വാൻ ദ്വീപുകളിലേക്ക് രക്ഷപ്പെട്ട്, റിപ്പബ്ളിക് ഒഫ് ചൈന എന്ന ഭരണകൂടം സ്ഥാപിച്ചു. എന്നാൽ ഈ പ്രദേശങ്ങൾ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് ഭാഷ്യം. രണ്ട് ഭരണകൂടങ്ങൾക്കു കീഴിലായി വ്യത്യസ്ത ഭരണ സംവിധാനത്തിൽ രണ്ടു ചൈനകളും നിലകൊണ്ടുപോന്നു.

അമേരിക്കയും ചൈനയും

അറുപതുകളിൽ തുടങ്ങിയ ത്വരിത വ്യവസായവത്കരണം വഴി സാമ്പത്തികമായി വൻ മുന്നേറ്റമുണ്ടാക്കാൻ തായ്‌വാന് സാധിച്ചു. 1987 വരെ പട്ടാള ഭരണത്തിൻ കീഴിലുള്ള ഒറ്റപ്പാർട്ടി ഏകാധിപത്യ ഭരണമായിരുന്നു നിലനിന്നിരുന്നത്. പിന്നീട് ഏറക്കുറെ ജനാധിപത്യ രാജ്യമായി തായ്‌വാൻ പരിണമിച്ചു. 1950കൾ മുതൽ തന്നെ തായ്‌വാന് അമേരിക്കൻ സഹായം ലഭിച്ചുപോന്നിരുന്നു. നിരവധി സൈനിക സഹകരണ കരാറുകൾ ഇരു രാജ്യങ്ങൾക്കിടയിലും നിലവിലുണ്ട്. ഇവ പ്രകാരം അമേരിക്ക ആയുധ വില്പനയും സൈനിക പരിശീലനവും നൽകിപ്പോരുന്നു.

ഇത് കാലാകാലങ്ങളായി ചൈനയുടെ ശക്തമായ എതിർപ്പിന് കാരണമായിട്ടുണ്ട്. അവസാനമായി 2022 ആഗസ്റ്റിൽ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെത്തുടർന്ന്, നിരവധി ബാലിസ്റ്റിക് മിസൈലുകളാണ് ചൈന തായ്‌വാൻ കടലിടുക്കിലേക്ക് തൊടുത്തുവിട്ടത്. സൈനിക അഭ്യാസങ്ങൾ മേഖലയിൽ പലപ്പോഴും യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചുപോന്നു. എന്നാൽ സൈനികമായ ഒരു ആക്രമണത്തിനും കീഴടക്കലിനുമല്ല ചൈന ഇന്നുവരെ ശ്രമിച്ചിട്ടുള്ളത്. സൈനികമായി ചൈനയ്ക്ക് ഒരു ഇരയേ അല്ല തായ്‌വാൻ.

2023ലെ സൈനിക ബഡ്ജറ്റ് എടുത്താൽ തായ്‌വാന്റേത് 19 ബില്യൻ യു.എസ് ഡോളറിന്റേതാണെങ്കിൽ ചൈനയുടേത് അതിന്റെ 12 ഇരട്ടിയോളം വരും.

നേരിട്ട് ആക്രമിക്കാതെ സമ്മർദ്ദങ്ങളാൽ തായ്‌വാനെ കൂട്ടിച്ചേർക്കാനാണ് ചൈനീസ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുടരെത്തുടരെയുള്ള വ്യോമ, നാവിക അഭ്യാസങ്ങൾ, സൈബർ ആക്രമണങ്ങൾ എന്നിവ ചിലതാണ്. ആഭ്യന്തര തിരഞ്ഞെടുപ്പുകളിൽ മീഡിയ, സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ തകർക്കാനായി നിരവധി ശ്രമങ്ങൾ ഉണ്ടായതായി തായ്‌വാൻ ആരോപിക്കുന്നു. തായ്‌വാന്റെ മുഖ്യ കച്ചവട പങ്കാളി കൂടിയാണ് ചൈന. 22.6 ശതമാനവും ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും കമ്പനികളുടെ ഇറക്കുമതി നിരോധിച്ചും തായ്‌വാനിലേക്കുള്ള കയറ്റുമതി തടഞ്ഞും സാമ്പത്തികമായി വരിഞ്ഞുമുറുക്കാറുമുണ്ട് ചൈന.

യുദ്ധത്തിനും സമാധാനത്തിനും ഇടയിലുള്ള മത്സരമാണ് ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നാണ് ചൈന വിശേഷിപ്പിച്ചിരുന്നത്. വില്യം ലായിലൂടെ ഡെമോക്രാറ്റിക് പ്രോഗസീവ് പാർട്ടി ജയിച്ചാൽ മേഖലയിലെ ബന്ധങ്ങൾക്ക് അപകടകരമായ ഭീഷണിയാകുമെന്ന മുന്നറിയിപ്പും ചൈന കൊടുത്തിരുന്നു. ഇതെല്ലാം വകവയ്ക്കാതെയാണ് തായ്‌വാൻ ജനത 41 ശതമാനം വോട്ട് നൽകി വില്യം ലായിയെ വിജയിപ്പിച്ചത്. വിജയിച്ച ലായ് പറഞ്ഞത് ഇങ്ങനെ: ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള മത്സരത്തിൽ ജനങ്ങൾ ജനാധിപത്യത്തിനൊപ്പമാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ നീക്കം തായ്‌വാൻ ജനത തള്ളിയിരിക്കുന്നു. ചൈനയിൽ നിന്നുള്ള തുടർച്ചയായ ഭീഷണികളിൽ നിന്ന് തായ്‌വാനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു!

തിരഞ്ഞെടുപ്പ് ഫലത്തോടുള്ള ചൈനീസ് ഭരണകൂടത്തിന്റെ പ്രതികരണം. അനിവാര്യമായ ചൈന- തായ്‌വാൻ കൂടിച്ചേരലിന് ഇതൊന്നും തടസമല്ല എന്നാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തായ്‌വാൻ എന്ന സ്വതന്ത്ര രാഷ്ട്രത്തെ പിൻതുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ വിജയമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സൈനികമായി തായ്‌വാനെ ആക്രമിച്ചാൽ അമേരിക്ക തായ്‌വാനോട് സഹകരിക്കുമെന്ന് ജോ ബൈഡൻ അടക്കം മുമ്പ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ആയുധ കച്ചവടത്തിനപ്പുറം മേഖലയിലെ അമേരിക്കയുടെ മുഖ്യ കണ്ണിയാണ് തായ്‌വാൻ. അതുകൊണ്ടുതന്നെയാണ് ഈ മേഖലയിൽ നിരവധി സേനാവിന്യാസങ്ങൾ അമേരിക്ക പലപ്പോഴായി നടത്തിയിട്ടുള്ളത്. ചൈനയെ സംബന്ധിച്ച് ഷി ജിൻ പിംഗിന്റെ നേതൃത്വത്തിൽ ഇന്ന് സാമ്പത്തിക വികസനം എന്നതിൽനിന്നു മാറി,​ നിരവധി ലോക പ്രശ്നങ്ങളിൽ ഇടപെടുന്ന ഒന്നായി മാറിയിരിക്കുന്നു ചൈനീസ് ദേശനയം. ലോകത്തെ നയിക്കാനായി ചൈന കൊതിക്കുമ്പോൾ കണ്ണിനുള്ളിലെ ഒരു കരടായി തായ്‌വാനെ അധികകാലം നിലനിറുത്താൻ ചൈനയ്ക്കാവില്ല. ലോകത്തെ സംബന്ധിച്ച് യുക്രെയിൻ, പാലസ്തീൻ യുദ്ധങ്ങളുടെ കെടുതികൾ തുടർന്നുകൊണ്ടിരിക്കുന്നു.

ചിപ്പുകളുടെ നിർമ്മാണത്തിൽ ലോകത്ത് പ്രഥമ സ്ഥാനം കൈയാളുന്ന രാജ്യമാണ് തായ്‌വാൻ. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, സ്മാർട്ട് ഫോണുകൾ, വാഹനങ്ങൾ തുടങ്ങി നിരവധി മേഖലകളിലെ അവിഭാജ്യഘടമാണിത്. ഇതിന്റെ ഉത്പാദനം നിലച്ചാൽ അത് ആഗോള സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഇന്ത്യയെ സംബന്ധിച്ച് മാലിദ്വീപിലടക്കം എത്തിച്ചേർന്ന ചൈനീസ് ഭീഷണിയുണ്ട് ഒരു ഭാഗത്ത്. ദക്ഷിണ ചൈനാ സമുദ്രത്തിൽ ചൈനീസ് ആധിപത്യം തടയാനായി അമേരിക്ക മുൻകൈയെടുത്ത് ഉണ്ടാക്കിയ ക്വാഡ് സഖ്യത്തിന്റെ അംഗരാജ്യം എന്ന നിലയിൽ യുക്രെയിൻ യുദ്ധത്തിൽ പുലർത്തിയതു പോലുള്ള ഒരു മാറിനിൽക്കൽ ഇവിടെ സാദ്ധ്യമല്ല. ഈ തിരഞ്ഞെടുപ്പു ഫലത്തോടുള്ള ചൈനീസ് പ്രതികരണം,​ അതിനോടുള്ള അമേരിക്കൻ ചേരിയുടെ പ്രതികരണം എന്നിവ ആശ്രയിച്ചിരിക്കും ഈ വർഷത്തെ ലോക സമാധാനം!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINA, TAIWAN, AMERICA, WORLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.