തൃശൂർ: കോടികളുടെ ഹവാലക്കടത്ത് കേസിലെ പ്രതികളായ 'ഹെെറിച്ച്' ഓൺലെെൻ ഷോപ്പി ഉടമകൾ രക്ഷപ്പെട്ടതായി എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഹെെറിച്ച് ഉടമകളുടെ തൃശൂരിലെ വീട്ടിൽ ഇഡി റെയ്‌ഡിന് എത്തുന്നതിന് തൊട്ടുമുൻപ് കമ്പനി എം.ഡി കെ ഡി പ്രതാപൻ, ഭാര്യയും കമ്പനി സി ഇ ഒയുമായ ശ്രീന പ്രതാപൻ, ഇവരുടെ ഡ്രെെവർ സരൺ എന്നിവർ ജീപ്പിൽ കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 11മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഇവരുടെ തൃശൂരിലെ വീട്ടിലെത്തിയത്.
സാമ്പത്തിക തട്ടിപ്പിൽ കമ്പനിയുടമ പ്രതാപന്റെ വീട്ടിൽ ഇഡി റെയ്ഡ് തുടരുകയാണ്. ഹെെരിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇഡി പരിശോധന നടത്തുന്നത്. പ്രതികളെ പിടികൂടാൻ ഇഡി പൊലീസിനോട് സഹായം തേടിയിട്ടുണ്ട്. ഹെെറിച്ച് ഓൺലെെൻ ഷോപ്പി പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു.
സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്. നികുതി വെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യം നേടി പുറത്തെത്തുകയായിരുന്നു. മൾട്ടി ലെവൽ മാർക്കറ്റിംഗ് മോഡലിലുള്ള ഒരു ഇ- കൊമേഴ്സ് പ്ലാറ്റ്‌ഫോമാണ് ഹെെറിച്ച് ഷോപ്പി. വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെയാണ് ഇവർക്കെതിരെ കേസ് കൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |