തിരുവനന്തപുരം: മൂന്നു വർഷമായി ക്ഷാമബത്തയും ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്നലെ പണിമുടക്കി. സമരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. സെക്രട്ടേറിയറ്റിൽ 5,060 ജീവനക്കാരിൽ 3,683 പേർ മാത്രമാണ് ജോലിക്കെത്തിയത്. കളക്ടറേറ്റുകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും 60- 70 ശതമാനം ജീവനക്കാർ ജോലിക്കെത്തിയെന്നാണ് റിപ്പോർട്ട്.
പണിമുടക്കിന് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കു ഹാജരാകാത്ത ജീവനക്കാരുടെ പട്ടിക പൊതുഭരണ വകുപ്പിനു നൽകാനും നിർദ്ദേശമുണ്ട്.
പണിമുടക്ക് സർക്കാർ പ്രവർത്തനത്തെ ബാധിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ മന്ത്രിസഭായോഗമുൾപ്പെടെയുള്ള യോഗങ്ങൾക്ക് പ്രതിസന്ധിയുണ്ടായില്ലെന്നും ബഡ്ജറ്റ് തയ്യാറാക്കുന്ന ധനകാര്യവിഭാഗത്തെ സമരം ബാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.
സമരം ജീവനക്കാർ തള്ളിയതായി ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണിയും ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാറും പറഞ്ഞു.
സെറ്റോ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് യു.ഡി.എഫ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. യു.ടി.ഇ.എഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷനായി.
എം.വിൻസെന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
എൻ.ജി.ഒ സംഘ് നടത്തിയ മാർച്ച് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എൻ.രമേശ് അദ്ധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ സംഘടനാ ജീവനക്കാർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടയിൽ ഭരണകക്ഷി സംഘടന പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചുവെന്നാരോപിച്ച് സംഘർഷമുണ്ടായി. ജോലിക്ക് കയറാനെത്തിയവരെ സമരക്കാർ തടഞ്ഞതാണ് പ്രശ്നത്തിനു കാരണമെന്ന് സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ നേതാവ് ഹണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |