SignIn
Kerala Kaumudi Online
Sunday, 06 October 2024 12.04 PM IST

കാര്യമാത്ര പ്രസക്തം ഇടക്കാല ബഡ്‌ജറ്റ്

Increase Font Size Decrease Font Size Print Page
k

അഞ്ചുവർഷത്തെ കാലാവധി തീർന്ന് പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഒരു സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് ഏതു തരത്തിലുള്ളതാകുമെന്ന് കൃത്യമായി പറയാനാകില്ല. മോദി സർക്കാരിന്റെ ഇടക്കാല ബഡ്‌ജറ്റിനെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധന്മാരും രാഷ്ട്രീയ പ്രതിയോഗികളുമൊക്കെ മനസ്സിൽ കണ്ടിരുന്നതൊന്നും നിർമ്മല സീതാരാമന്റെ ഒരു മണിക്കൂർ മാത്രം നീണ്ട ബഡ്‌ജറ്റ് പ്രസംഗത്തിൽ കാണാനായില്ലെന്നത് വസ്തുതയാണ്. തിരഞ്ഞെടുപ്പിൽ ജനങ്ങളെ കൈയിലെടുക്കാനുള്ള കുറച്ച് വമ്പൻ പ്രഖ്യാപനങ്ങളെങ്കിലും ധനമന്ത്രി ഉൾപ്പെടുത്താതിരിക്കില്ല എന്നു കരുതിയവരാണ് അധികവും. എന്നാൽ അവിശ്വസനീയമെന്നു പറയട്ടെ,​ അത്തരം പ്രഖ്യാപനങ്ങളോ വോട്ട് ലക്ഷ്യമിട്ടുള്ള ചേപ്പടിവിദ്യകളോ ഒന്നും ഇടക്കാല ബഡ്‌ജറ്റിൽ ഉണ്ടായിരുന്നില്ല.

മോദി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങളുടെ നിറപ്പകിട്ടാർന്ന ചിത്രം നൽകാനായിരുന്നു ധനമന്ത്രിയുടെ ശ്രമം. ഏറെ വിശ്വസനീയമായും കാര്യമാത്രപ്രസക്തമായും ആ ദൗത്യം ഭംഗിയായി അവർ നിർവഹിക്കുകയും ചെയ്തു. ഇടക്കാല ബഡ്‌ജറ്റിൽ വാഗ്ദാനങ്ങൾ വാരിവിതറി ജനത്തെ കൈയിലെടുക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല,​ തിരഞ്ഞെടുപ്പിനു ശേഷം അധികാരമേൽക്കുന്ന പുതിയ സർക്കാരിനെ ആ ചുമതല ഏൽപ്പിക്കാനുള്ള ഔചിത്യമാണ് ധനമന്ത്രിയിൽ നിന്നുണ്ടായത്. വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വരികതന്നെ ചെയ്യുമെന്ന ശുഭപ്രതീക്ഷ നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് പ്രസംഗത്തിൽ പങ്കുവയ്ക്കാതിരുന്നില്ല. എന്നാൽ ആ ലക്ഷ്യപ്രാപ്തിക്കായുള്ള യാത്രയിൽ ഇടക്കാല ബഡ്‌ജറ്റിനെ പടവാക്കാൻ അവർ ശ്രമിച്ചില്ല. തികച്ചും അഭിനന്ദനീയമായ മാറ്റം തന്നെയാണിത്.

മോദി സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. രാജ്യം അഭിമാനാർഹമായ വളർച്ച നേടിയ കാലഘട്ടമാണിതെന്ന് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് ധനമന്ത്രി സമർത്ഥിച്ചു. നാനാരംഗങ്ങളിലും പ്രകടമായ മാറ്റങ്ങളാണുണ്ടായത്. അനവധി വെല്ലുവിളികൾ അതിജീവിക്കാൻ രാജ്യത്തിനു കഴിഞ്ഞു. വികസന പന്ഥാവിലൂടെ ഏറെ മുന്നോട്ടു കുതിക്കാനായി. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലൂന്നിയുള്ള വളർച്ചയാണ് എല്ലാ മേഖലകളിലും തെളിഞ്ഞുകാണാനാവുന്നത്.

സാമൂഹ്യനീതി ഗ്രാമങ്ങളിലേക്കും കൊണ്ടുചെന്ന് എത്തിക്കാൻ സർക്കാരിന്റെ വിവിധ വികസന പദ്ധതികളിലൂടെ കഴിഞ്ഞു. സാമ്പത്തികരംഗത്ത് നവോന്മേഷം സൃഷ്ടിക്കാനായത് വലിയ നേട്ടം തന്നെയാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു. എൺപതു കോടി ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി നടപ്പാക്കിയതും ഇരുപത്തഞ്ചു കോടി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായതും സർക്കാരിന്റെ നേട്ടങ്ങളാണ്. 34 ലക്ഷംകോടി രൂപയാണ് വിവിധ സഹായ പദ്ധതികളിലൂടെ ജനങ്ങളുടെ കൈകളിൽ നേരിട്ടെത്തിച്ചത്. പതിനൊന്നുകോ‌‌ടി കർഷകർക്കും സഹായ പദ്ധതികൾകൊണ്ട് ഗുണമുണ്ടായി.

ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾക്കൊപ്പം അഴിമതി ഇല്ലാതാക്കിയതാണ് മറ്റൊരു പ്രധാന നേട്ടമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പത്തുവർഷത്തെ ഭരണത്തിനിടെ 25 കോടി പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കി. വിലക്കയറ്റം നിയന്ത്രിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുകയും ചെയ്തു. പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നീ വിഭാഗങ്ങൾക്കായി കൊണ്ടുവന്ന പദ്ധതികൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പോകുന്നു ധനമന്ത്രി വരച്ചുകാണിച്ച മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ.

അടുത്ത പത്തുവർഷത്തെ ഭരണവും എൻ.ഡി.എ സഖ്യത്തിനുതന്നെയാകുമെന്നും,​ വികസനത്തിന്റെ പുതിയൊരു കാലമാണ് രാജ്യം കാത്തിരിക്കുന്നതെന്നും ധനമന്ത്ര്രി അവകാശപ്പെട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

ഇടക്കാല ബഡ്‌ജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഇറക്കി വിമർശനങ്ങൾക്ക് പഴുതു നൽകാതിരിക്കാൻ ബോധപൂർവ്വമുള്ള ശ്രമവും കാണാം. എന്നാൽ അവശ്യം ചില വികസന പദ്ധതികളെക്കുറിച്ച് പറയാതിരുന്നുമില്ല.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ പാവപ്പെട്ടവർക്കായി രണ്ടുകോടി ഭവനങ്ങൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം അതിലൊന്നാണ്. ഇതിനകം മൂന്നുകോടി വീടുകൾ പൂർത്തിയാക്കിയ കാര്യവും ധനമന്ത്രി എടുത്തുപറഞ്ഞു. മത്സ്യമേഖലയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വലിയ പ്രഖ്യാപനം. മത്സ്യ ഉത്പന്ന കയറ്റുമതി ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ലഭ്യമാക്കാനാണ് ശ്രമം. കാർഷിക- ക്ഷീര മേഖലകൾക്കും പുതിയ പദ്ധതികളുണ്ടാകും.

വനിതകൾക്ക് മുദ്ര പദ്ധതിവഴി കൂടുതൽ വായ്പ, ആശ, അംഗൻവാടി പ്രവർത്തകരെ ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ഭാഗമാക്കൽ തുടങ്ങിയവ ക്ഷേമ പദ്ധതികളിൽപ്പെടുന്നു.

ഏതാനും വർഷങ്ങളായി റെയിൽവേ കാര്യങ്ങളും പൊതു ബഡ്‌ജറ്റിന്റെ ഭാഗമാണെങ്കിലും ഇടക്കാല ബഡ്‌ജറ്റിൽ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നാമമാത്രമാണ്. നാല്പതിനായിരം കോച്ചുകൾ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി 540 മെട്രോ റൂട്ടുകൾ തുടങ്ങുന്ന കാര്യവും ബഡ്‌ജറ്റിലുണ്ട്. രാജ്യത്ത് പുതുതായി കൂടുതൽ വിമാനത്താവളങ്ങളും വിമാനങ്ങളും വരുന്നതോടെ ആകാശയാത്രാ സൗകര്യങ്ങളും വർദ്ധിക്കാൻ പോവുകയാണ്. ചരക്കുനീക്കം കൂടുതൽ സുഗമമാക്കാനായി മൂന്ന് ചരക്ക് ഇടനാഴികൾ കൂടി വരാൻപോകുന്ന കാര്യവും ധനമന്ത്രി വെളിപ്പെടുത്തി.

സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായുള്ള പലിശ രഹിത വായ്‌പ തുടരുമെന്ന പ്രഖ്യാപനം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.

പ്രത്യക്ഷ - പരോക്ഷ നികുതി ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ ധനമന്ത്രി തയ്യാറായില്ല. ഇപ്പോഴത്തെ ഒഴിവു പരിധിയും സ്ളാബുകളും അതേപടി തുടരും. കോർപ്പറേറ്റ് നികുതിയിൽ ചില ആനുകൂല്യങ്ങൾ നൽകാതിരുന്നതുമില്ല. സ്റ്റാർട്ടപ്പുകൾക്കും ചില സൗജന്യങ്ങളുണ്ട്. ഇറക്കുമതി തീരുവകളിലും മാറ്റമൊന്നുമില്ല. ആദായ നികുതിദായകർക്കുള്ള റീഫണ്ട്,​ റിട്ടേൺ സമർപ്പിച്ച് പത്തുദിവസത്തിനകം നൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പുതുമയില്ല. ഇപ്പോൾത്തന്നെ അതു പ്രാബല്യത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ദ്രുതഗതിയുള്ള വികസനം ലക്ഷ്യമാക്കിയുള്ള ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 140 പുതിയ മെഡിക്കൽ കോളേജുകൾ അതിന്റെ ഭാഗമാണ്. ഐ.ഐ.ടികളും പുതുതായി വരും. പതിവുപോലെ അടിസ്ഥാന വികസന മേഖലയ്ക്ക് വൻതോതിൽ പണം നീക്കിവച്ചിട്ടുണ്ട്.

ആത്മീയ ടൂറിസം പദ്ധതികൾ വൻതോതിൽ നടപ്പാക്കുന്നതിനൊപ്പം സംസ്ഥാനങ്ങൾക്കും ഈ രംഗത്ത് പരമാവധി സഹായങ്ങൾ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് ഗുണം കിട്ടുന്ന രംഗമാണിത്. സ്‌ത്രീകളിൽ ഗർഭാശയ ക്യാൻസർ തടയുന്നതിന് ബാല്യത്തിലേ വാക്സിൻ നൽകാനുള്ള വിപുല പദ്ധതിയും കേന്ദ്രാഭിമുഖ്യത്തിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇടക്കാല ബഡ്‌ജറ്റിനെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ ആയുധമാക്കാമെന്നു കരുതിയവരെ നിരാശരാക്കുന്നതാണ് നിർമ്മല സീതാരാമന്റെ ബഡ്‌ജറ്റ്. പ്രസംഗത്തിനിടെ ഒരിക്കൽപ്പോലും പ്രതിഷേധമോ വലിയ കൈയടികളോ ഉയർന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭരണനേട്ടങ്ങളുടെ ഒരു ഹ്രസ്വ റിപ്പോർട്ടായി ചിലർ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. കാലാവധി കഴിയാൻ പോകുന്ന ഒരു സർക്കാരിന്റെ ധനമന്ത്രിയിൽ നിന്ന് അത്രയല്ലേ പ്രതീക്ഷിക്കാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUDGET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.