കൊച്ചി: ക്യാൻസറിന് വിട്ടുകൊടുക്കാനുള്ളതല്ല ജീവിതമെന്ന ദൃഢനിശ്ചയത്തോടെ പോരാടി ജയിച്ച വരാപ്പുഴ സ്വദേശി നയനയുടെ കഥ സിനിമയെ വെല്ലും. രണ്ടു മേജർ ശസ്ത്രക്രിയ ഉൾപ്പെടെ പത്ത് സർജറികൾക്കും ഇടുപ്പെല്ലുകൾ മാറ്റിവയ്ക്കലിനും വിധേയയായ 29കാരി വീണ്ടെടുത്തത് സ്വപ്നതുല്യമായ ജീവിതം. അദ്ധ്യാപനം മതിയാക്കി വസ്ത്രങ്ങളുടെ ലോകത്തേക്ക് ചുവടുമാറ്റിയ നയന, കൊച്ചിയിൽ അറിയപ്പെടുന്ന ഓൺലൈൻ ബ്യുട്ടീക്കിന് ഉടമ. നയനയുടെ അതിജീവന പോരാട്ടം കണ്ട് പ്രണയിച്ചാണ് അമിത് ജോൺ വിവാഹം കഴിച്ചത്. മകൾ ഓഷ്യനുമൊത്ത് കാക്കനാട് സന്തുഷ്ട ജീവിതം.
2018ൽ പല്ലുവേദനയ്ക്ക് ചികിത്സതേടിയപ്പോഴാണ് വലതുമോണയിലെ ക്യാൻസർ കണ്ടെത്തിയത്. അന്ന് വിഷ്വൽ മീഡിയ ആൻഡ‌് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി. ക്യാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്തെങ്കിലും ദുരിതം അകന്നില്ല. കാലിൽ നിന്നെടുത്ത് തുന്നിപ്പിടിപ്പിച്ച ദശ ഉറച്ചുപോയതോടെ വായ് തുറക്കാൻ കഴിയാതായി. എട്ട്മാസത്തോളം മൂക്കിലെ ട്യൂബിലൂടെ ആഹാരം.
ശരീരഭാരം 32 കിലോയായി. വലതുതാടിയെല്ല് പൂർണമായി നീക്കേണ്ടിവന്നു.
അമൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജറി ആൻഡ് ഓങ്കോളജി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യൻ അയ്യരുടെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ. ദീർഘനാളത്തെ വിശ്രമത്തിന് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. അതിനിടെ തൃപ്പൂണിത്തുറ സ്വദേശി അമിത് ജോണിന്റെ പ്രണയാഭ്യർത്ഥനയെത്തി. പിന്നാലെ വിവാഹം. തൊട്ടടുത്ത ദിവസം രോഗം വീണ്ടും വില്ലനായി. ഇടുപ്പെല്ല് പൊടിയുന്ന അസുഖം (അവാസ്കുലർ നെക്രോസിസ്). ഇടുപ്പെല്ലുകൾ മാറ്റിവച്ചു. കൊവിഡുകാലമായതിനാൽ ഒരു ഇടുപ്പെല്ല് മാറ്റിവച്ച് മാസങ്ങൾക്കു ശേഷമായിരുന്നു രണ്ടാമത്തെ സർജറി. എല്ലുപൊടിയൽ രോഗത്തെയും നയന തോൽപ്പിച്ചു. 2023ൽ ഗർഭിണിയായിരിക്കെ ക്യാൻസറിന് ശസ്ത്രക്രിയ നടത്തിയ വലതുകവിളിൽ വേദനകലശലായതോടെ വീണ്ടും ആധിയായി. കുഴപ്പമില്ലെന്നായിരുന്നു ബയോപ്സി ഫലങ്ങൾ.
ക്യാൻസറിനെ തോല്പിച്ച പ്രണയം
ഒരു യാത്രയ്ക്കിടെയാണ് നയനയും അമിതും സൗഹൃദത്തിലാകുന്നത്. വൈകാതെ സൗഹൃദബന്ധം പ്രണയത്തിലേക്ക് വഴിമാറി. ക്യാൻസർ അതിജീവിതയാണെന്ന് അറിഞ്ഞ് അമിത് നയനയെ പൂർണമനസോടെ സ്വീകരിക്കുകയായിരുന്നു. 2019ലായിരുന്നു വിവാഹം. അമേരിക്കൻ കമ്പനിയിലെ ലോജിസ്റ്റിക് വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ് അമിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |