SignIn
Kerala Kaumudi Online
Sunday, 06 October 2024 4.41 PM IST

അറിയാതെ പോകുന്ന അർബുദ വിവരങ്ങൾ 

Increase Font Size Decrease Font Size Print Page
j

ഓരോ കാൻസർ ദിനത്തിലും ലോകമെങ്ങും ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും,​ ശരിയായ അവബോധമില്ലായ്മയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അബദ്ധ ധാരണകൾ കാരണം രോഗനിർണയം വൈകിക്കുന്നതും,​ നേരത്തേയുള്ള ചികിത്സയ്ക്ക് പലരും മടിക്കുന്നതും കാരണം കാൻസർ ഭീഷണിയുടെ തീവ്രത വർദ്ധിച്ചുവരുന്നതേയുള്ളൂ.

തുടക്കത്തിൽത്തന്നെ ചികിത്സിച്ചാൽ ഏറക്കുറെ പൂർണമായും ഭേദമാക്കാവുന്ന കാൻസറുകളുണ്ട്.

രോഗമൊന്നുമില്ലെന്ന് കരുതിയിരിക്കുന്നവരിൽ ലളിത പരിശോധനകളിലൂടെ കണ്ടുപിടിക്കാവുന്നവയാണ് പലതും. ഇവയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകൾ. കുറഞ്ഞ ചെലവിൽ ഈ ടെസ്റ്റുകൾ ലഭ്യമായിരിക്കുമ്പോഴും,​ അതിനു തയ്യാറാകാതിരിക്കുമ്പോൾ നേരത്തേയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള സുവർണാവസരം നഷ്ടമാവുകയാണ്.


ഉദാഹരണത്തിന്,​ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ,​ PSA എന്ന രക്ത പരിശോധനയിലൂടെയും, അൾട്രാ സൗണ്ട് സ്‌കാനിംഗിലൂടെയും ഏകദേശം ആയിരം രൂപ മാത്രം ചെലവിൽ കണ്ടുപിടിക്കാം. സ്ത്രീകളിലെ ഗർഭാശയ ഗള കാൻസർ PAP Smear എന്ന ലളിത പരിശോധനയിലൂടെ വളരെ നേരത്തേ തിച്ചറിയാം. കുടലിലെ കാൻസർ, അണ്ഡാശയ കാൻസർ, സ്തനാർബുദം, ആഗ്‌നേയ ഗ്രന്ഥിയിലെ കാൻസർ എന്നിവയൊക്കെ ഇത്തരം സ്‌ക്രീനിംഗ് പരിശോധനകളിലൂടെ കണ്ടെത്താം.

എല്ലാ കാൻസറുകൾക്കും രോഗനിർണയത്തിന് കൃത്യമായ മാനദണ്ഡളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, വിവിധ ആശുപത്രികളിലും കാൻസർ ചികിത്സ നിർവഹിക്കുന്നത് ഏറക്കുറെ ഒരേ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുമാണ്. അടുത്തു കാൻസർ സെന്ററിൽ പോയാലും വിദൂരസ്ഥമായ കാൻസർ ചികിത്സാലയത്തിൽ പോയാലും ചികിത്സ ഏകദേശം ഒരുപോലെയാണെന്ന് അർത്ഥം. ഡോക്ടർമാർ ഒറ്റയ്ക്കല്ല, മറിച്ച് ട്യൂമർ ബോർഡ് സംവിധാനത്തിൽ പല ഡോക്ടർമാർ ഒരുമിച്ചിരുന്നെടുക്കുന്നതും, അന്തർദേശീയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ളതുമായ ചികിത്സാരീതിയാവും മിക്കവാറും എല്ലായിടത്തും പിന്തുടരുക. ഇതറിയാതെ ഇവിടെ ചികിത്സിക്കണമെന്നു ചിന്തിച്ച് സമയം പാഴാക്കരുത്.


ചികിത്സ വൈകിയതുകൊണ്ടോ, പൂർണ ചികിത്സ നല്കാൻ കഴിയാതിരുന്നതുകൊണ്ടോ രോഗം മൂർച്ഛിച്ച് അന്തിമഘട്ടത്തിലെത്തി,​ രോഗി വേദന കടിച്ചിറക്കി ജീവിക്കുന്ന ഘട്ടം വന്നാലോ? സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയർ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ചികിത്സാ ശാഖയാണ്. രോഗിയുടെ അവസാന നാളുകൾ വേദനാരഹിതവും മനസ്സമാധാനത്തോടെയും ഉള്ളതാക്കാൻ ഈ ചികിത്സയ്ക്ക് കഴിയും. അതിനുള്ള മരുന്നുകളും അനുബന്ധ സൗകര്യങ്ങളും ദയാവായ്പുള്ള ആരോഗ്യ പ്രവർത്തകരും ഒക്കെയടങ്ങുന്ന ഈ സംവിധാനം പോലും വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തത് ഇതേക്കുറിച്ച് മതിയായ അവബോധമില്ലാത്തതിനാലാണ്.

(ഐ.എം.എ കേരളയുടെ കമ്മിറ്റി ഫോർ പബ്ളിക് ഹെൽത് ഇഷ്യൂസ് ചെയർമാണ് ആണ് ലേഖകൻ. ഫോൺ 94477 42242)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CANCER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.