കൊച്ചി: കേരളത്തെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനായി സാമ്പത്തിക പരിഷ്കരണ നടപടികൾ ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ ഉണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക വിഷമതകളിലൂടെ നീങ്ങുന്ന സംസ്ഥാനത്തെ മികച്ച വളർച്ചയിലേക്ക് മടക്കികൊണ്ടുവരാൻ വിവിധ മേഖലകളിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിൽ തുടക്കമിടുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദ്ധനുമായ ജോയ് പി.ടി പറഞ്ഞു. സാമ്പത്തിക പരിഷ്കരണ നടപടികളും ഡിജിറ്റലൈസേഷനും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ ഇതോടെ അവസരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
ഭരണ നിർവഹണത്തിൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തി വിവിധ സേവനങ്ങൾ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയേക്കും, പൊതുമേഖലാ കമ്പനികളെ പ്രൊഫഷണലാക്കിയും കാര്യക്ഷമത വർദ്ധിപ്പിച്ചും ലാഭപാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾക്കും ധനമന്ത്രി തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിഷ്കരണത്തിന് അധിക സഹായം
സാമ്പത്തിക പരിഷ്കരണ നടപടികൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്ന സംസ്ഥാന സർക്കാരുകൾക്ക് അൻപത് വർഷ കാലാവധിയുള്ള പലിശരഹിത വായ്പകൾ നൽകുന്നതിനായി 75,000 കോടി രൂപയാണ് കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഭവന, വാഹന,സേവന മേഖലകളിലെ പരിഷ്കരണങ്ങൾ, സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, വൻകിട അടിസ്ഥാനസൗകര്യ വികസനങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പകൾ നേടാനാകും.
നിക്ഷേപ അന്തരീക്ഷ മെച്ചപ്പെടുത്തണം
കൊച്ചി: സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഇന്ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഉൗന്നൽ വേണമെന്ന് സെന്റർ ഫോർ പബ്ളിക് പോളിസി റിസർച്ച് ചെയർമാൻ ഡി.ധനുരാജ് പറഞ്ഞു.
കാർഷിക, ഗ്രാമീണ മേഖലകളിൽ ചരിത്രമാറ്റങ്ങൾ സൃഷ്ടിക്കാവുന്ന പരിഷ്കരണ നടപടികൾക്ക് സമയമായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി നികുതി ഇതര വരുമാന സമാഹരണത്തിനുള്ള നിർദേശങ്ങൾ ബഡ്ജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുതിയ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് സംരംഭകർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ബഡ്ജറ്റിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |