കുന്നംകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗീക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 31 വർഷം തടവും 1,45,000 രൂപ പിഴയും.
പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടിൽ ബഷീറിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷവിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.
പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് കുട്ടിയെ പ്രതി വശീകരിച്ചത്. തുടർന്ന് അതിജീവതിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടർന്ന് സംഭവം കുട്ടി വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർ കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുത്തു. കുന്നംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കെ. മേനോനാണ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. അനുഷ, അഡ്വ. രഞ്ജിക കെ.ചന്ദ്രൻ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രശോബ് എന്നിവരും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |