മാനന്തവാടി: വയനാട്ടിൽ കർഷകനെ ചവിട്ടിക്കൊന്ന 'ബേലൂർ മഗ്ന' എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വയ്ക്കില്ല. ആനയെ നാളെ രാവിലെ മയക്കുവെടിവയ്ക്കാൻ തീരുമാനമായി. വെളിച്ചക്കുറവ് മൂലം ഇന്ന് വെടിവയ്ക്കാനാവില്ലെന്ന് ദൗത്യസേന അറിയിച്ചതിനെത്തുടർന്നാണ് വനംവകുപ്പിന്റെ തീരുമാനം. ആനയിറങ്ങിയ ചാലിഗദ്ദയിൽ നിന്ന് റേഡിയോ കോളർ സിഗ്നൽ കിട്ടിയിരുന്നു. വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റർ പരിധിയിലാണ് ഇപ്പോൾ ആന നിലയുറപ്പിച്ചിരിക്കുന്നത്.
കർഷകനെ ആക്രമിച്ച സ്ഥലത്തിന് സമീപമാണ് ആന. ഇവിടെത്തെ ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെയാണ് എത്തിക്കുക. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളെയാണ് എത്തിക്കുക. ഭരതും സൂര്യയും കുറുവാ ദ്വീപിലെത്തിയിട്ടുണ്ട്. വെടിവച്ച ശേഷം വനമേഖലയിൽ തുറന്നുവിടാനാണ് പദ്ധതി.
ഇന്ന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹവുമായി പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് വനംവകുപ്പാണ് ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്.
2023 ഒക്‌ടോബർ 30ന് കർണാടക വനംവകുപ്പ് 'ബേലൂർ മഗ്ന'യെ മയക്കുവെടിവച്ച് പിടികൂടിയിരുന്നു. കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്ക് സമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |