SignIn
Kerala Kaumudi Online
Saturday, 27 July 2024 9.57 AM IST

മരകമഞ്ഞ്,​കുംഭച്ചൂട്: പനിമാറിയാലും ചുമ മാറാതെ നാട്

pani

ആലപ്പുഴ: രാത്രിയിൽ മഞ്ഞ്,​ പകൽ കത്തിക്കാളുന്ന ചൂട്. പ്രകൃതിയുടെ ഈ മാറിമാറിയുള്ള പരീക്ഷണം കാരണം മനുഷ്യൻ ആശുപത്രികൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. പകർച്ചപ്പനിയും വിട്ടുമാറാത്ത ചുമയും ജനത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. കൂടിവരുന്ന പകൽച്ചൂടാണ് ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കിയത്. 33.4 ഡിഗ്രിയാണ് ആലപ്പുഴയിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയചൂട്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം.

ഉദയം മുതൽ അസ്തമയം വരെ ചൂടിന് ശമനമില്ലാതായതോടെ ജനജീവിതം ദുസഹമായി. ചൂടിന്റെ കാഠിന്യം താങ്ങാനാകാതെ വലയുന്നവരിൽ അധികവും പുറത്ത് ജോലി ചെയ്യുന്നവരാണ്. ദേശീയ പാതയുടേതുൾപ്പെടെ നിർമ്മാണ ജോലികളിലേർപ്പെട്ടിരിക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, കൃഷിപ്പണിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ കൊടുംചൂടിൽ കഷ്ടപ്പെടുകയാണ്.

1. പകൽ ചൂടും രാത്രിയിലെ കൊടും മഞ്ഞും പകർച്ചപനി ഉൾപ്പെടെയുള്ള രോഗങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെ പനിബാധിതരെകൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഒ.പികളിൽ ഈ മാസം ആദ്യമെത്തിയതിന്റെ രണ്ടിരട്ടിയോളം ആളുകൾ പനിബാധിച്ച് എത്തുന്നുവെന്നാണ് കണക്ക്.

2.വേനൽ കടുത്തതോടെ പൊടിശല്യം വർദ്ധിച്ചത് അലർജി, ആസ്ത്മ രോഗികളുടെ എണ്ണവും കൂടാനിടയാക്കിട്ടുണ്ട്. കുടിവെള്ളക്ഷാമം കടുത്തത് ജലജന്യരോഗങ്ങളുടെ വർദ്ധനവിന് കാരണമാകുമെന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്

3. പെട്ടെന്നുള്ള വരൾച്ച കാർഷിക മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കിണറുകളും ജലാശയങ്ങളും വരളാൻ തുടങ്ങിയ ജില്ലയുടെ കിഴക്കൻ മേഖലകളിൽ കരകൃഷികൾ പലതും കരിഞ്ഞുണങ്ങി. മാവേലിക്കര, കുറത്തികാട്, ഭരണിക്കാവ്, വള്ളികുന്നം, ചാരുംമൂട് മേഖലകളിലാണ് കര കൃഷിയെ മകരച്ചൂട് ബാധിച്ചത്

4.കുട്ടനാടൻ മേഖലയിലെ ചിലയിടങ്ങളിൽ കൈത്തോടുകളും ഇടത്തോടുകളും പോളകളും മറ്ര് ജൈവമാലിന്യങ്ങളും നിറഞ്ഞതോടെ പാടങ്ങളിലെ വെള്ളം കയറ്റിയിറക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.

കൊടും ചൂടിൽ പുല്ലുകൾ കരിഞ്ഞുണങ്ങിയത് കന്നുകാലി കർഷകരെ ബാധിച്ചിട്ടുണ്ട്. ചൂട് കൂടിയതോടെ പാലുൽപ്പാദനവും കുറഞ്ഞു

വിട്ടുമാറാത്തചുമ

പനി മാറിയാലും മാറാതെ ചുമയും ശ്വാസതടസവും ചൂടിനൊപ്പം വ്യാപകമായ പനിയിൽ തളരുകയാണ് നാട്. ശരീരവേദനയ്ക്കും പുറമേ നിർത്താതെയുള്ള ചുമയും ശ്വാസ തടസവുമാണ് രോഗികളെ വലയ്ക്കുന്നത്. പനി ശമിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചുമയും ശ്വാസതടസവും മാറാതെ വന്നതോടെ പനി ഒ.പികളിൽ രോഗികളുടെ എണ്ണം ഇരട്ടിയായി. ശ്വാസകോശത്തിൽ കഫക്കെട്ട് രൂപപ്പെട്ട മിക്ക രോഗികളുടെയും ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതും ആശങ്കപ്പെടുത്തുന്നു.

മരുന്ന്ക്ഷാമം രൂക്ഷം

സർക്കാർ ആശുപത്രികളിലെ ആന്റി ബയോട്ടിക്ക് ക്ഷാമം രോഗികളെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്. പനി സീസണിൽ സാധാരണ നൽകുന്ന അമോക്സിലിനുൾപ്പെടെ മരുന്നുകൾക്കാണ് ക്ഷാമം. വർഷാവസാനമായപ്പോഴേക്കും ഇൻഡന്റ് നൽകിയ മരുന്നുകളുടെ സ്റ്റോക്ക് തീർന്നതും മെഡിക്കൽ സ‌ർവീസ് കോർപ്പറേഷന് മരുന്ന് എത്തിച്ച് നൽകാനുള്ള ഇൻസുലേറ്റഡ് വാനുകൾ കരാറടിസ്ഥാനത്തിൽ ലഭിക്കാത്തതും മരുന്നുവിതരണത്തെ ബാധിച്ചിട്ടുണ്ട്. ക്ഷേമപെൻഷൻപോലും കുടിശികയായതിനാൽ മരുന്ന് വാങ്ങാൻ നിവൃത്തിയില്ലാതെ വലയുന്നവരുമുണ്ട്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പനി മാറിയിട്ടും ചുമയും ശ്വാസതടസവും പലരോഗികളിലും മാറാത്ത സാഹചര്യമുണ്ട്. ആന്റിബയോട്ടിക്ക് മരുന്നുകൾക്കൊപ്പം വിശ്രമവും ആവശ്യമാണ്. വൈറസുകളുടെ രൂപമാറ്റമാകാം രോഗം ഭേദമാകുന്നത് വൈകാൻ കാരണം

- ഡോ.വി.ഷീജ,​ ശ്വാസകോശ രോഗ വിദഗ്ദ്ധ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.