കൊച്ചി: തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതോടെ ജപ്പാനും യു.കെയും ഔദ്യോഗികമായി മാന്ദ്യത്തിലായി. ഇതോടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ജർമ്മനി മാറി. ഇന്ത്യയ്ക്ക് മുകളിലായി ജപ്പാൻ നാലാം സ്ഥാനത്തേക്ക് വഴുതി.
ചൈനയിലെ സാമ്പത്തിക തളർച്ച മൂലം ഉപഭോഗത്തിലുണ്ടായ ഇടിവും ഉത്പാദന രംഗത്തെ പ്രതിസന്ധികളുമാണ് ജപ്പാനെ വലക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ജപ്പാനിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഒരു ഫാക്ടറിയുടെ പ്രവർത്തനം നിറുത്തിയതിനാൽ അടുത്ത പാദത്തിലും വളർച്ചാ നിരക്ക് കുറയുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാലയളവിൽ ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) 0.4 ശതമാനം ഇടിവുണ്ടായി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി 3.3 ശതമാനം കുറഞ്ഞിരുന്നു.
യു.കെയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 0.3 ശതമാനം ഇടിവാണുണ്ടായത്. സെപ്തംബർ പാദത്തിലും ജി.ഡി.പിയിൽ 0.1 ശതമാനം കുറവുണ്ടായിരുന്നു. ഇതോടെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ അടുത്ത മാസം ബാങ്ക് ഒഫ് ജപ്പാനും ബാങ്ക് ഒഫ് ഇംഗ്ളണ്ടും മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ സാദ്ധ്യതയേറി.
വ്യാപാര കമ്മി കുറച്ച് ഇന്ത്യ
കൊച്ചി: ജനുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി ഒൻപത് മാസത്തെ കുറഞ്ഞ നിരക്കായ 1750 കോടി ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി ഡിസംബറിൽ 1980 കോടി ഡോളറായിരുന്നു. ജനുവരിയിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 3.1 ശതമാനം ഉയർന്ന് 3690 കോടി ഡോളറായി. ഇറക്കുമതി മൂന്ന് ശതമാനം വർദ്ധനയോടെ 5440 കോടി ഡോളറിലെത്തി.
അതേസമയം ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ നാല് ശതമാനവും ഇറക്കുമതിയിൽ ആറ് ശതമാനവും ഇടിവുണ്ട്. ചെങ്കടലിലെ പ്രശ്നങ്ങളും യൂറോപ്പിലെ മാന്ദ്യവും ഉത്പന്ന വിലയിലെ ഇടിവും മറികടന്ന് മികച്ച പ്രകടനം നേടാനായെന്ന് വാണിജ്യ മന്ത്രാലയം സെക്രട്ടറി സുനിൽ ബാർത്വാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |