കണ്ണൂർ: പൊലീസും മാദ്ധ്യമങ്ങളും നിരന്തരമായി ഓർമ്മപ്പെടുത്തുമ്പോഴും സൈബർ തട്ടിപ്പുസംഘങ്ങളുടെ കെണിയിലേക്ക് വീട്ടമ്മമാരടക്കമുള്ളവർ വൻതോതിൽ ആകർഷികപ്പെടുന്നു. കണ്ണൂരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർ സംഘങ്ങളുടെ വലയിൽപെട്ട് പണം നഷ്ടപ്പെടുത്തിയെന്നാണ് വിവരം.നാണക്കേട് ഭയന്ന് ഇവർ പരാതി നൽകാൻ മടിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളെ വല വീശിപ്പിടിക്കാനാണ് തട്ടിപ്പ് സംഘങ്ങൾ നീക്കം നടത്തുന്നത്. ഉയർന്ന വരുമാനം ലഭിക്കുന്ന പാർട് ടൈം ജോലിയെന്ന പേരിലാണ് സന്ദേശങ്ങൾ. പ്രതിദിനം 1750 മുതൽ 3000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിലാണ് പലരും വീഴുന്നത്. ഓഹരി വിപണിയുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.
തട്ടിപ്പിനുണ്ട് റൂട്ട് മാപ്പ്
കമ്പനിയുടെ എച്ച്.ആർ പ്രതിനിധിയുടെ വാട്സാപ്പ് സന്ദേശം എത്തുന്നു.
ലഘുമായ ചാറ്റിംഗിലൂടെ എളുപ്പത്തിൽ പണം ലഭിക്കാനുള്ള ടാസ്കുകൾ നൽകുന്നു
യൂട്യൂബ് വീഡിയോകൾക്ക് ലൈക്ക് , ഹോട്ടൽ അവലോകനങ്ങൾ, ഓൺലൈൻ ഉൽപ്പന്നങ്ങൾക്ക് റേറ്റിംഗ് എന്നിവയാണ് ടാസ്കുകൾ
സ്‌ക്രീൻഷോട്ടുകൾ വാങ്ങി ടാസ്‌ക്കുകൾക്ക് 150 രൂപ വീതം പ്രതിഫലം
മൂന്നു തവണ അക്കൗണ്ടുകളിൽ പണം എത്തുമ്പോഴേക്കും ഇരകൾ ഇതിൽ തൽപരരാകും
ടാർഗറ്റ് പൂർത്തിയാക്കാൻ ടെലിഗ്രാം ഉപയോഗിക്കാനും പ്രീപെയ്ഡ് ടാസ്‌ക്കുകൾ ഉപയോഗിക്കാനും നിർദ്ദേശം കൂടുതൽ വരുമാനം ലഭിക്കാൻ ഒന്നോ രണ്ടോ ലക്ഷം രൂപ ഇവർ നല്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം
പണം നിക്ഷേപിക്കുന്നവർക്ക് കുറച്ച് ദിവസം ബോണസെന്ന പേരിൽ നിശ്ചിത തുക
ഒരു ഘട്ടത്തിൽ ബോണസ് നിർത്തുമ്പോൾ തട്ടിപ്പുകാരുമായി നേരിൽ സംസാരിക്കേണ്ടിവരും.
നിക്ഷേപിച്ച തുക ആറിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും പണം പിൻവലിക്കാൻ കുറച്ചു തുക ആവശ്യപ്പെടും.
ഇതിനായി റിസർവ് ബാങ്ക് ഗവർണറുടേതടക്കം വ്യാജ ഉത്തരവുകൾ നൽകും
ആവശ്യപ്പെടുന്ന തുക തട്ടിപ്പുകാർക്ക് ഇരകൾ നൽകും.
ഇര തട്ടിപ്പ് മനസിലാക്കിയെന്ന് ബോദ്ധ്യപ്പെടുമ്പോൾ അവരുമായി ആശയവിനിമയം അവസാനിപ്പിക്കും
ഷെയർ ട്രേഡിംഗ്
ഫേസ് ബുക്കിൽ ഷെയർ ട്രേഡിംഗ് വഴി കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യം നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ ദിവസം എളയാവൂർ സ്വദേശിയായ 72 കാരന് കണ്ണൂരിൽ 26 ലക്ഷത്തിലധികം രൂപ നഷ്ടമായിരുന്നു. പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഉടനെ ഒരു കമ്പനിയുടെ വ്യാജ വാട്സ് ആപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു.
റെഡിയാണ് 1930
വാട്ട്സ്ആപ്പ് ടെലഗ്രാം ഫേസ്ബുക്ക് തുടങ്ങിയ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരസ്യങ്ങൾ പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് പ്രതികരിക്കാതെ അധികാരികത ഉറപ്പു വരുത്തണം.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |