കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ വീണ്ടും അക്രമികൾ അടിച്ചു തകർത്തു.കഴിഞ്ഞ ദിവസം രാത്രി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സിന്റെ സാധനങ്ങൾ വയ്ക്കുന്ന മുറിയാണ് തല്ലിത്തകർത്തത്. മുറിയിലെ ഫയലുകൾ,മേശകൾ,കസേരകൾ,പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചു.ജനലും വാതിലുകളും തല്ലിത്തകർത്തു.സ്കൂൾ അധികൃതരുടെ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ അദ്ധ്യാപകരെത്തിയപ്പോഴാണ് സംഭവമറിയുന്നത്.ഇത് രണ്ടാംതവണയാണ് സ്കൂളിൽ ആക്രമണം നടക്കുന്നത്. പത്തുമാസം മുൻപായിരുന്നു ആദ്യത്തെ സംഭവം. അന്ന് സ്കൂളിലെ ജലവിതരണ സംവിധാനവും ടോയ്‌ലെറ്റും തല്ലിപ്പൊളിച്ചു. ക്ലാസ് മുറിയിലുണ്ടായിരുന്ന പ്രോജക്ടറുകൾ,ഫാനുകൾ എന്നിവയും നശിപ്പിച്ചു.തുടർന്ന് മന്ത്രി വി.ശിവൻകുട്ടി എത്തി പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം പ്രതികളെ പിടിക്കുമെന്ന് പറഞ്ഞെങ്കിലും പത്തുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് സംശയിക്കുന്നു.
ഒരു പൊതുസ്ഥാപനം ഇത്തരത്തിൽ ആക്രമിക്കപ്പെടാനുള്ള കാരണം വ്യക്തമല്ല. വർക്കല മണ്ഡലത്തിലെ മികച്ച സ്കൂളുകളിലൊന്നാണിത്. വിജയശതമാനത്തിലും മുന്നിലാണ്.പൊലീസിലും ഡി.ഒ ഓഫീസിലും ഉന്നതാധികാരികൾക്കും പി.ടി.എ പരാതി നൽകി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |