മഞ്ചേരി: മദ്ധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബാൻസ്‌ദേഹി ബേൽക്കുണ്ട് ബോത്തിയ റായത്തിലെ നാംദേവിന്റെ മകൻ റാംശങ്കറാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ മദ്ധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികളുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ കൊല്ലപ്പെട്ട റാം ശങ്കർ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. ഇയാൾ മൊബൈൽ മോഷണം നടത്തിയതായി നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഇതു സംബന്ധിച്ച് പ്രതികളും ഇയാളും തമ്മിൽ വാക്‌തർക്കമുണ്ടായി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന ചെങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതികൾ രക്ഷപ്പെട്ടു. രക്തം വാർന്നായിരുന്നു മരണം .
തിങ്കളാഴ്ച രാവിലെ 7.30ന് കുത്തുകൽ റോഡിന് സമീപമുള്ള നടപ്പാതയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം രക്തക്കറയുള്ള കല്ല് കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ എത്തിയ ശേഷമാവും പോസ്റ്റ്‌മോർട്ടം.
മഞ്ചേരിയിലും പരിസരങ്ങളിലുമായി കോൺക്രീറ്റ് ജോലി ചെയ്ത വരികയായിരുന്നു റാംശങ്കർ. രണ്ട് ദിവസം മുമ്പാണ് ഇയാളെ മഞ്ചേരിയിലെ താമസസ്ഥലത്തുനിന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞുവിട്ടത്. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, ഡിവൈ.എസ്.പി ബെന്നി എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.മഞ്ചേരി സി.ഐ കെ.എം. ബിനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |