SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.54 AM IST

ബിജെപിയുടെ ചുവരെഴുത്തിൽ ഇത്തവണ ഒരു മാറ്റം, താമരയ‌്ക്ക് സമീപം അതുകാണാം

bjp

സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്തുനിൽക്കേ, തൃശൂരിന്റെ അങ്കത്തട്ട് തിളച്ചുമറിയാൻ തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നൽകുന്ന സമരാഗ്നി - ജനകീയ പ്രക്ഷോഭ യാത്ര വടക്കൻ ജില്ലകളിലെ പര്യടനത്തിനുശേഷം തൃശൂരിൽ ഓളം സൃഷ്ടിച്ച് കടന്നുപോയിരിക്കുന്നു.

സ്നേഹ സന്ദേശയാത്രയുമായി സിറ്റിംഗ് എം.പി. ടി.എൻ. പ്രതാപൻ അനൗദ്യോഗിക പ്രചാരണത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പട്ടയമേളയും സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖവും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കൂടുതൽ ചൂടുപിടിപ്പിക്കും. 22ന് തേക്കിൻകാട് മെെതാനത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പട്ടയമേള. 25ന് സാംസ്‌കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖവുമുണ്ട്. 26ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കൂടി കഴിയുന്നതോടെ മൂന്നു മുന്നണികളും പോരാട്ടച്ചൂടിലമരും. നവകേരള സദസ്സിന്റെ തുടർച്ചയായി ജനകീയ സംവാദങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെത്തുന്നത്. പട്ടയമേളയും സംവാദപരിപാടിയും സർക്കാരിന്റെ വികസനങ്ങൾ പങ്കുവയ്ക്കുന്ന വേദി കൂടിയാവും. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ ഇടതുമുന്നണിയുടെ ദേശീയനേതാക്കൾ ആദ്യമെത്തുന്ന മണ്ഡലങ്ങളിലൊന്നാകും തൃശൂർ.

ദേശീയശ്രദ്ധയിൽ തൃശൂർ

ദേശീയശ്രദ്ധ നേടിയ വി.ഐ.പി സീറ്റുകളിലൊന്നായ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണായുധങ്ങൾക്ക് മുന്നണികൾ മൂർച്ചകൂട്ടി കഴിഞ്ഞു. പൊള്ളുന്ന വേനൽ വകവയ്ക്കാതെ ചുവരെഴുത്തുകളുമായി പ്രവർത്തകരും സജീവം. സ്ഥാനാർത്ഥികളുടെ പേര് എഴുതുന്നില്ലെങ്കിലും ചിഹ്നവും മുന്നണിയുടെ പേരും മാത്രമല്ല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രചാരണയുധങ്ങളാക്കുന്നുണ്ട്.

'തൃശൂരിന് കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരന്റി ' എന്നെഴുതി താമരച്ചിത്രവും വരച്ചാണ് ചുവരെഴുത്തിൽ എൻ.ഡി.എ തന്ത്രം. വികസന വാഗ്ദാനങ്ങൾ തന്നെയാകും മൂന്നുമുന്നണികളും പ്രധാന ആയുധമാക്കുക. അതേസമയം, തൃശൂരിൽ ചുവടുറപ്പിച്ച് മുൻ കൃഷിമന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ്. സുനിൽകുമാറും പൊതുപരിപാടികളിൽ സജീവമാണ്. ഫയർ സർവീസ് ഡ്രൈവേഴ്‌സ് ആൻഡ് മെക്കാനിക്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് വി.എസ്. സുനിൽകുമാറാണ്.

സുരേഷ്‌ ഗോപി, സ്വർണക്കിരീടം സമർപ്പിച്ച തൃശൂർ ലൂർദ്ദ് പള്ളിയിൽ ഊട്ടുതിരുന്നാളിൽ സുനിൽകുമാർ സജീവമായിരുന്നു. ലൂർദ്ദിന്റെ സ്‌നേഹത്തിന് നന്ദിയെന്ന തലക്കെട്ടിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പും ഇട്ടു. മാസങ്ങൾക്ക് മുൻപേ തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടതും ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചതും വി.എസ്. സുനിൽ കുമാറിനെയിരുന്നു. ജനകീയ മുഖവും യുവജനങ്ങൾക്കിടയിലുള്ള സ്വാധീനവും കൃഷിമന്ത്രിയായിരിക്കെയുണ്ടായിരുന്ന പ്രതിച്ഛായയുമാണ് കാരണം.

ദേശീയ നേതാക്കൾ പടനയിക്കും?

അമിത് ഷാ ഒരു തവണയും നരേന്ദ്രമോദി രണ്ട് തവണയും തൃശൂരിലെത്തി സുരേഷ് ഗോപിക്ക് അനുകൂല സാഹചര്യം ഒരുക്കാൻ ശ്രമിച്ചതോടെ, എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണവേദികളിൽ പരമാവധി ദേശീയ നേതാക്കളെ എത്തിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ മഹാജനസഭയും കോൺഗ്രസിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. നേതാക്കൾക്കും പ്രവർത്തകർക്കും ആവേശവും നൽകി. സിറ്റിംഗ് എം.പി ടി.എൻ. പ്രതാപനും പൊതുചടങ്ങുകളിൽ സജീവമാണ്. പാട്ടുപാടിയും കവിത ചൊല്ലിയും പ്രതാപൻ വേദികളിൽ കൈയടി നേടുന്നുണ്ട്.

കണിമംഗലം വലിയാലുക്കലിൽ സുരേഷ് ഗോപിയെത്തിയാണ് എൻ.ഡി.എയുടെ ചുവരെഴുത്ത് പ്രചാരണം ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്ക് മുൻപ് ഓട്ടോകളിലും സുരേഷ് ഗോപിയുടെ ചിത്രം പതിച്ചിരുന്നു.

ആശങ്കയുടെ 'മണി'യടിച്ച് അതിരൂപതയും

ഒരു മുഴം മുൻപേ, ആശങ്കകളും ആവശ്യങ്ങളും രാഷ്ട്രീയ പാർട്ടികളെ അറിയിക്കാൻ സമുദായ ജാഗ്രത സമ്മേളനം നടത്താനുളള തൃശൂർ അതിരൂപതയുടെ നീക്കവും മുന്നണികളെ അലട്ടുന്നുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലപാട് പ്രഖ്യാപിക്കാനാണ് അതിരൂപതയുടെ ശ്രമമെന്നാണ് വിവരം. 25ന് നടക്കുന്ന സമുദായ ജാഗ്രതാ സമ്മേളനം അതിനാൽ നിർണായകമാകും.

എൽ.ഡി.എഫ് പാർലമെന്റ് തലകമ്മിറ്റി ഉടൻ രൂപീകരിക്കുമെന്നും പ്രചാരണപരിപാടികളുടെ മുന്നോടിയായി ചുവരെഴുത്തുകൾ തുടങ്ങിയിട്ടുണ്ടെന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് വ്യക്തമാക്കുന്നു.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജമാകുമെന്നും ശക്തമായ പ്രവർത്തനമാണ് പ്രവർത്തകർ തുടങ്ങിയിരിക്കുന്നതെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ജില്ലയിലെ ജനകീയ പ്രശ്നങ്ങളും പൊതു വിഷയങ്ങളും ചർച്ചചെയ്ത ജനകീയ ചർച്ചാ സദസ്സ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിച്ച 'സമരാഗ്നി'യും അനുകൂല തരംഗമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ.

കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് തേക്കിൻകാട് പ്രചരണത്തിന് തുടക്കമിട്ടത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നി അത് രണ്ടാം ഘട്ടത്തിലേക്കെത്തിച്ചു. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ് നിയമനങ്ങളിൽ പടല പിണക്കങ്ങളുണ്ടെങ്കിലും മുൻ കേന്ദ്രമന്ത്രി കൂടിയായ പി. ചിദംബരം പങ്കെടുത്ത പരിപാടിയിൽ പരമാവധി പേരെ പങ്കെടുപ്പിക്കാനായി. തിരഞ്ഞെടുപ്പിന്റെ അവസാനം വരെ പ്രവർത്തകരിൽ ആവേശം നിലനിറുത്താനുള്ള തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ അനായാസ വിജയം കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ പ്രാവശ്യം എൽ.ഡി.എഫിലെ രാജാജി മാത്യു തോമസായിരുന്നെങ്കിൽ ഇത്തവണ മുൻ മന്ത്രിയും തൃശൂരിൽ ഏറെ സ്വാധീനവുമുള്ള വി.എസ്. സുനിൽ കുമാറാകും എതിരാളിയെന്നതാണ് ആദ്യ വെല്ലുവിളി. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെയായിരുന്നു മുൻ എതിരാളിയെങ്കിലും കാരുണ്യ പ്രവർത്തനങ്ങളും രാജ്യസഭാ എം.പി എന്ന നിലയിലെ വികസന പ്രവർത്തനങ്ങളും മുന്നനുഭവങ്ങളെ അപ്രസക്തമാക്കുന്നു. ചിട്ടയായ പ്രവർത്തനങ്ങളും തുണയാകുമെന്ന് എൻ.ഡി.എ കരുതുന്നു. മുൻസാഹചര്യങ്ങളേക്കാൾ മത്സരം കടുത്തതാണെന്ന് തിരിച്ചറിഞ്ഞാണ് ഊർജസ്വലമായ പ്രവർത്തനത്തിന് കോൺഗ്രസ് ഇറങ്ങുന്നത്.

കോൺഗ്രസ് പ്രചാരണത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നത് പ്രതാപന്റെ സ്‌നേഹ സന്ദേശ യാത്രയോടെയാണ്. ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്‌നേഹ സന്ദേശ യാത്രയെത്തും. വർഗീയതയ്‌ക്കെതിരെ സ്‌നേഹത്തിന്റെ കട തുറക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

എന്തായാലും തൃശൂർ അക്ഷരാർത്ഥത്തിൽ തിളച്ചുമറിയാൻ തുടങ്ങിയിരിക്കുന്നു, മറ്റ് മണ്ഡലങ്ങൾക്കും മുൻപേ..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICS, BJP, KERALA, NDA, THRISSUR, SURESHGOPI, CONGRESS, CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.