SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.13 PM IST

കൊടുമൺപോറ്റിയുടെ മനയേക്കാൾ വിസ്‌മയം ജനിപ്പിക്കുന്ന 250ൽ അധികം ഇല്ലങ്ങൾ കണ്ട വള്ളുവനാടൻ, സായിനാഥ് അറിഞ്ഞ സത്യങ്ങൾ

sainathmenon

മമ്മൂട്ടി ചിത്രം ഭ്രമയുഗം കണ്ട് വിസ്‌മയിച്ചിരിക്കുവാണല്ലോ മലയാളസിനിമാ പ്രേക്ഷകർ. കൊടുമൺ പോറ്റിയായി മാറിയ മഹാപ്രതിഭയുടെ നടനം പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോയി എന്നതിൽ സംശയമില്ല. കൊടുമൺ പോറ്റിയുടെ ഉഗ്രപ്രഭാവം പ്രേക്ഷകനിലേക്ക് സമന്വയിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ തറവാടിനും പ്രത്യേകമായ പങ്കുണ്ടായിരുന്നുവെന്നതിൽ സംശയമില്ല. വള്ളുവനാട്ടിലെ പ്രസിദ്ധമായ തറവാടുകളിലൊന്നായ ഒളപ്പമനയുടെ ഭാഗമായിട്ടുള്ള നവോദയം എന്ന നാലുകെട്ടാണ് ഭ്രമുഗത്തിലെ ഭയപ്പെടുത്തുന്ന പോറ്റിത്തറവാടായി നമ്മൾ കണ്ടത്. സിനിമയിൽ സിദ്ധാർത്ഥ് ഭരതൻ പറയുന്നത് പോലെ എവിടെ ചെന്നാലും ഒരുപോലെ എന്ന തോന്നൽ അനുഭവപ്പെടുന്ന തറവാടല്ല നവോദയം. 100 കൊല്ലത്തിൽ അധികമായിട്ടില്ല ഈ നാലുകെട്ട് പണികഴിപ്പിച്ചിട്ട്. മോഹൻലാൽ ചിത്രം ഒടിയൻ അടക്കമുള്ളവയുടെ ഷൂട്ടിംഗ് നടന്നത് ഇവിടെയായിരുന്നു.

mana

വള്ളുവനാട്ടിലെ തറവാടുകളും ഇല്ലങ്ങളും നമ്മൾ അധികവും കണ്ടിട്ടുള്ളത് ഹരിഹരൻ, രഞ്ജിത്ത്, ഷാജി കൈലാസ് സിനിമകളിലാണ്. എന്നാൽ കേരളത്തിലെ 250ൽ അധികം വരുന്ന മനകളിലേക്ക് യാത്ര നടത്തുകയും ഓരോ തറവാടും ഹൃദിസ്ഥമാക്കുകയും ചെയ‌്ത ഒരു മലയാളിയുണ്ട്. പാലക്കാടുകാരനായ സായിനാഥ് മേനോൻ. പത്ത് വർഷം മുമ്പാണ് കേരളത്തിലെ തറവാട് തേടിയുള്ള യാത്ര സായി ആരംഭിച്ചത്. പൈതൃകക്കാഴ്‌ചകൾ കേരളത്തിന് അന്യമാകുന്നു, തറവാടുകൾ നശിക്കുന്നു എന്നൊക്കെയുള്ള ചില എഴുത്തുകൾ കണ്ടതിൽ നിന്നാണ് എന്നാൽ അതൊന്ന് അന്വേഷിക്കണമല്ലോ എന്ന ചിന്ത ആരംഭിക്കുന്നത്. വള്ളുവനാട്ടിലെ ഒരു പ്രധാന തറവാട്ടിൽ നിന്നുള്ള അംഗമായതിനാൽ തന്നെ അത്തരമൊരു അന്വേഷണം തന്റെ ഉത്തരവാദിത്തമാണെന്ന് സായിനാഥിന് തോന്നി. ജോലി സമയത്തെ ഇടവേളകൾ യാത്രയ‌്ക്കായി തിരഞ്ഞെടുത്തു. 250ൽ അധികം മനകളെയും തറവാടുകളേയും അടുത്തറിഞ്ഞു. കേരളത്തിന്റെ പൈതൃകക്കാഴ്‌ചകൾക്ക് ഭയപ്പെടുന്നത് പോലുള്ള കോട്ടം തട്ടിയിട്ടില്ലെന്ന് സായിനാഥിന് മനസിലായി. കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ 'വള്ളുവനാടൻ' എന്ന പേരിൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവച്ചു.

taravad

പാലക്കാട്ടെ മുണ്ടഞ്ചേരി നായർതറവാട്ടിലൂടെയായിരുന്നു യാത്രയുടെ തുടക്കം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ നാലുകെട്ടിൽ ഇന്നും കൂട്ടുകുടുംബ വ്യവസ്ഥിതി തന്നെയാണ് അനുവർത്തിച്ചു പോരുന്നത്. വർഷത്തിൽ ഏഴുദിവസം നീളുന്ന തറവാട്ടുത്സവം കെങ്കേമമാണ്. ആനയും അമ്പാരിയും തെയ്യവും തിറയുമെല്ലാം കണ്ണിന് അത്ഭുതക്കാഴ്‌ചകൾ സമ്മാനിക്കും. 'വള്ളുവനാടിന്റെ പുണ്യം' എന്നാണ് മുണ്ടഞ്ചേരി തറവാടിനെ സായിനാഥ് വിശേഷിപ്പിക്കുന്നത്.

ഓരോ യാത്രയ‌്ക്ക് മുമ്പും തറവാട്ടിലെ ആളുകളുടെ സമ്മതം തേടാറുണ്ട്. ചിലയിടങ്ങളിൽ ആ കാത്തിരിപ്പ് വർഷങ്ങളോളം നീണ്ടിട്ടുമുണ്ട്. അതല്ലാതെ മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ലെന്ന് സായി പറയുന്നു. എല്ലായിടത്തു നിന്നും ഊഷ്‌മളമായ സ്വീകരണം ലഭിച്ചു. പുതിയ അറിവുകൾ പകർന്നു തന്ന് കുടുംബാംഗത്തെ പോലെയാണ് എല്ലാവരും തന്നെ കണ്ടത്. മുടപ്പലാപ്പള്ളി മന, കക്കാട്ടു മന, നിലമ്പൂർ കോവിലകം, മല്ലിശ്ശേരി മന, അമ്പാട്ട് തറവാട്, മരാട്ടുമന തുടങ്ങിയയിടങ്ങളെല്ലാം ഉദാഹരണം.

pond

മലപ്പുറത്ത് സ്ഥിതി ചെയ്യുന്ന മരാട്ടുമനയെ കുറിച്ചുള്ള വിശേഷണങ്ങളാണ് സോഷ്യൽ മീഡിയയിൽ സായിയെ പ്രമുഖനാക്കിയത്. 16 കെട്ടുള്ള മരാട്ടുമനയും, ശങ്കരാചാര്യർ സ്വർണനെല്ലിക്ക പാടിപ്പൊഴിച്ച സ്വർണത്ത് മനയും വിസ്‌മയം ജനിപ്പിച്ച ഓർമ്മകളാണ് സമ്മാനിച്ചത്. കേരളത്തിലെ ഏറ്റവും വലിയ പടിപ്പുര മാളികയുള്ള കേനാത്ത് തറവാട്, കൊത്തുപണികളാൽ മനോരഞ്ജമായ പുറത്താളങ്ങളുള്ള (തൂണുകൾ) പാലക്കാടൻ തറവാറുകൾ, കുളപ്പുരകളാൽ മനോഹരങ്ങളായ കൂടല്ലൂർ മന, വടക്കുംകര മന എന്നിവയെല്ലാം പൈതൃകവിസ്‌മയങ്ങൾ തന്നെ.

കേരളത്തിലെ പേമാരിയേയും വെള്ളപ്പൊക്കത്തേയും അതിജീവിച്ച് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ മനകളുടെയെല്ലാം ശിൽപികളെ സ്‌മരിക്കേണ്ടതു തന്നെയാണ്. പിന്നെ കുടുംബാംഗങ്ങളുടെ ഒത്തൊരുമയും. കേരളത്തിലെ തറവാടുകളിൽ പലതിന്റെയും പതനത്തിന് കാരണം സ്വത്ത് ഭാഗം വയ‌്ക്കലും, പണത്തിനോടുള്ള അത്യാർത്തിയുമാണെന്നാണ് അനുഭവത്തിൽ നിന്ന് വ്യക്തമായതെന്ന് സായിനാഥ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ എന്തുതന്നെയായാലും എത്രയോ തലമുറകളുടെ ഓർമ്മകൾ തച്ചുടയ‌്ക്കുന്നത് അനീതിയാണെന്ന് കാഴ്‌ചപ്പാടാണ് സായിയുടേത്.

mamangam

മാമാങ്കത്തിന്റെ തുടക്കം

തറവാടുകളെ കുറിച്ചുള്ള മോഹിപ്പിക്കുന്ന യാത്രാക്കുറിപ്പുകൾ സോഷ്യൽ മീഡിയ പേജിൽ നിറഞ്ഞതോടെ തങ്ങളേയും യാത്രയിൽ കൂടെക്കൂട്ടാമോ എന്ന ചോദ്യം പലരും സായിയോട് ചോദിക്കുകയുണ്ടായി. തുടർന്നാണ് മാമാങ്കം എന്ന യാത്രയെ കുറിച്ചുള്ള ചിന്ത വരുന്നത്. ദീപു, അനീഷ്, നവീൻ, രാജേഷ്, ജയേഷ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മാമാങ്കം എന്ന പൈതൃക യാത്രാക്കൂട്ടായ്‌മ ജനിക്കുകയായിരുന്നു. തറവാടുകളിൽ താമസിച്ച്, പാളപ്പാത്രത്തിൽ കഞ്ഞിയും പുഴുക്കും കഴിച്ച് യാത്രികരെല്ലാം ഒത്തു കൂടുന്ന മാമാങ്കം ഇന്നിപ്പോൾ ആറു വർഷം പിന്നിട്ടുകഴിഞ്ഞു. പാലക്കാടും, മലപ്പുറത്തുമുള്ള അനവധി കാവുകളും ഇല്ലങ്ങളും സംഘം സന്ദർശിച്ചു. മാമാങ്കം യാത്രയിലെ ഏറ്റവും വലിയ രസം സംഘാടകർക്കല്ലാതെ ലക്ഷ്യസ്ഥാനം എവിടെയാണെന്നത് അവിടെ എത്തിച്ചേരുന്നത് വരെ മറ്റാരേയും അറിയിക്കില്ല എന്നതാണ്. ആ സസ്‌പെൻസ് തന്നെയാണ് മാമാങ്കത്തിന്റെ പ്രത്യേകത. എല്ലാ ഭാരവും ഉപേക്ഷിച്ച് ഒരു അപ്പൂപ്പൻ താടിയെ പോലെ മാമാങ്കത്തിന് വരൂ... എന്ന് മാത്രമേ സായിനാഥും സംഘവും പറയാറുള്ളൂ. മാമാങ്ക യാത്രയിൽ മിച്ചം വരുന്ന തുക തകർച്ചയുടെ വക്കിലെത്തിയ കാവുകൾ സംരക്ഷിക്കുന്നതിനും, തറവാടുകളുടെ പുനരുദ്ദാരണത്തിനും, നിർധനരായ രോഗികളുടെ ചികിത്സയ്‌ക്കുമാണ് ചെലവഴിക്കുന്നത്.

festival

സംഘകാലത്തിന്റെ അവശേഷിപ്പുകൾ തേടി ചരിത്ര യാത്ര

സംഘ കാലം മുതലേ ഗോത്ര ജനത ആരാധിച്ചിരുന്ന , ചേര ചോള പാണ്ഡ്യ പല്ലവ രാജാക്കന്മാർ യുദ്ധ ദേവതയായി ആരാധിച്ചിരുന്ന കൊട്രവൈയുടെ ഒരു പ്രതിഷ്ഠ പാലക്കാട് നിന്ന് കണ്ടെത്താൻ ആയത് സായിനാഥിന്റെ ജീവിതത്തിലെ ചാരിതാർത്ഥ്യം നിറഞ്ഞ ഒരേടാണ്. കഴിഞ്ഞ മൂന്ന് കൊല്ലമായി കൊട്രവൈ, അയ്യനാർ എന്നീ ആദിദേവതകളെ കുറിച്ചുള്ള ഗവേഷണത്തിലാണ് സായി. താൻ കണ്ട തറവാടുകളുടെ ചരിത്രവും കഥകളും ചിത്രങ്ങളും ചേർത്ത് 'പാരമ്പര്യമേ പ്രണാമം' എന്ന പുസ്തകത്തിന്റെ പണിപ്പുരയിൽ കൂടിയാണ് സായിനാഥ് മേനോൻ എന്ന വള്ളുവനാടൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VALLUVANADAN, SAINATH MENON, CULTURE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.