ബംഗളൂരു: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ ഒരാളെ കൊന്ന ബേലൂർ മഗ്നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ ഓഫീസർ കെ വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് മൂന്ന് കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുള്ളത്. ആനയുടെ റേഡിയോ കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടയച്ച കാട്ടാന ബേലൂർ മഗ്നയാണ് മാനന്തവാടിയിലെത്തി പടമല പനച്ചിയിൽ അജീഷിനെ(47) കൊലപ്പെടുത്തിയത്. ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ ആനയെ മയക്കുവെടിവച്ച് പിടികൂടാൻ സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. എന്നാൽ മയക്കുവെടി വയ്ക്കാൻ സംഘം ദിവസങ്ങളായി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിന് ഇടയിലാണ് ആന കർണാടക അതിർത്തിയിലേക്ക് പോകുകയായിരുന്നു.
കർണാടക വനം വകുപ്പ് കഴിഞ്ഞ നവംബർ 30ന് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ബേലൂർമഗ്ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കർഷകനായ അജീഷിന്റെ ജീവനെടുത്തത്. പുലർച്ചെ ഒരു മണിയോടെ ആന കേരള അതിർത്തിയിൽ പ്രവേശിച്ചിരുന്നു. മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി. രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്.ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടർന്നതോടെ സുഹൃത്ത് കണ്ടത്തിൽ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു.ഓടാൻ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെഗേറ്റ് തകർത്തു കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |