തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വച്ച് ഉത്തരേന്ത്യയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം ശക്തം.
സെപ്തംബർ വരെ കാലാവധിയുള്ള ഗവർണർ, അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിച്ചതും സ്ഥിരമായി ഡൽഹിയിൽ തമ്പടിച്ച് നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളുമാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകരുന്നത്. 73കാരനായ ആരിഫ് ഖാൻ ജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ലാണ് ഖാൻ ബി.ജെ.പിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാനെ ന്യൂനപക്ഷ മുഖമായി ബി.ജെ.പി അവതരിപ്പിക്കാനാണ് സാദ്ധ്യത. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകൾക്ക് ഉൾക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ 22ാം ഗവർണറായി 2019സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം.
26ാംവയസിൽ യുപി നിയമസഭയിലെത്തിയ ഖാൻ ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രിയാണ്.ചരൺസിംഗിന്റെ ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. പിന്നെ കോൺഗ്രസിനെ വെല്ലുവിളിച്ച് ജനതാദളിലൂടെ ബി.ജെ.പിയിൽ എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |