തൊടുപുഴ : ജില്ലയിലെ ശോചനീയാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന 100 അംഗൻവാടികൾ പുനർനിർമ്മിക്കുന്നതിന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് സമാഹരിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ 'മിഷൻ 100 അംഗൻവാടി ഇൻ ഇടുക്കി' എന്ന പേരിൽ സിഎസ്.ആർ സമ്മിറ്റ് നാളെ രാവിലെ 10.30 ന് തൊടുപുഴ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തോട്ടം മേഖല, പട്ടിക ജാതിപട്ടിക വർഗ്ഗ മേഖല, കുടിയേറ്റ മേഖല തുടങ്ങിയ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ നൂറിൽപ്പരം അംഗൻവാടികൾ സ്വന്തമായി സ്ഥലം ഉണ്ടായിട്ടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം നിർമ്മിക്കാനാകാതെ മറ്റ് സ്വകാര്യ വാടക കെട്ടിടങ്ങളിലും മറ്റുമായി പ്രവർത്തിക്കുകയാണ്. സി.എസ്.ആർ സംരംഭങ്ങളിലൂടെ നല്ല സ്വാധീനം ചെലുത്താൻ പ്രതിജ്ഞാബദ്ധരായ കോർപ്പറേറ്റുകളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് സി.എസ്.ആർ ഉച്ചകോടി. ജില്ലയിലെ അംഗൻവാടികൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്നതിനും പദ്ധതികൾ ചർച്ച ചെയ്ത് പരമാവധി സംരഭകരെ സഹകരിപ്പിക്കുകയുമാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യമെന്നും ഡീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |