തിരുവനന്തപുരം: പതിനഞ്ചുവർഷം മുമ്പാണ് മുഹമ്മദ് സുൽഫിക്കർ കൊല്ലത്തുള്ള കോസ്മെറ്റിക്സ് കമ്പനിയുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ബിസിനസ് ആരംഭിക്കുന്നത്. സഹായത്തിനും പിന്തുണയ്ക്കും ആരുമില്ല. ഒറ്റയാൾ പട്ടാളം. അനുഭവക്കുറവ് മൂലം സംരംഭം പരാജയപ്പെട്ടു. എന്നാൽ പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന മോഹം കലശലയാതോടെ 2020ൽ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം സ്പോർട്സ് ജേഴ്സികൾ നിർമ്മിക്കുന്ന ബ്രാൻഡായ എയ്ഡൻ ഗ്ലോബൽ ആരംഭിച്ചു. ഇപ്പോൾ മൂന്നുവർഷമായി ഇന്ത്യൻ ആർമിയിലെ ഗാർഡ്സ് റെജിമെന്റിനടക്കം സ്പോർട്സ് ജേഴ്സി വിതരണം ചെയ്യുന്നത് സുൽഫിക്കിറിന്റെ സംരംഭമാണ്. 15 ജീവനക്കാരുണ്ട്. കൊച്ചിയിൽ നടന്ന നേവിയുടെ സൈക്കിൾ മാരത്തോണിന് 700പേർക്ക് ജേഴ്സിയൊരുക്കിയതും കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഈ 37കാരനാണ്.
2009ലാണ് സുൽഫിക്കർ കുസാറ്റിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് പഠിച്ചിറങ്ങുന്നത്. ഒരുവർഷം ചെന്നൈയിലെ ഐ.ടി ഫേർമിൽ ജോലി ചെയ്തു. ഈ ഇടയ്ക്കാണ് ആദ്യ സംരംഭം പൊളിയുന്നത്. തുടർന്ന് ടെക്നോപാർക്കിൽ ജോലി ആരംഭിച്ചു. കുട്ടിക്കാലത്ത് സ്റ്റേറ്റ് ഹാൻഡ്ബാൾ പ്ലേയർ ആയിരുന്ന സുൽഫിക്കറിന്റെ സ്പോർട്സിനോടുള്ള താത്പര്യമാണ് എയ്ഡൻ ഗ്ലോബൽ എന്ന സംരംഭത്തിൽ എത്തിച്ചത്. ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ച് സംരംഭത്തിനായി വസ്ത്രനഗരികളിലേയ്ക്ക് യാത്രകൾ നടത്തി.
തിരുപ്പൂർ,ഡൽഹി എന്നിവിടങ്ങളിലെ തുണിത്തരങ്ങളെപ്പറ്റി പഠിച്ചു. സാംപിളുകൾ ശേഖരിച്ച് ഗവേഷണങ്ങൾ നടത്തി. 2020ൽ തിരുപ്പൂറിലുള്ള പ്രൊഡക്ഷൻ യൂണിറ്റ് വാടകയ്ക്കെടുത്ത് ജേഴ്സികൾ നിർമ്മിച്ചു തുടങ്ങി. എയ്ഡന്റെ പേരിൽ വൈബ്സൈറ്റും ആരംഭിച്ചു. ആദ്യ ഓർഡർ മലേഷ്യയിലെ ഇന്ത്യക്കാരനുള്ള ക്രിക്കറ്റ് ജേഴ്സിയായിരുന്നു.
അത് ക്ലിക്കായതോടെ ആത്മവിശ്വാസമായി. 2022ൽ വീടിനുസമീപം പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിച്ചു. ഒരുകോടിയായിരുന്നു നിക്ഷേപം.
വിവിധ കായികയിനങ്ങൾക്കുള്ള ജേഴ്സി, ട്രാക്ക്സൂട്ട്, പാന്റ്സ്, ക്യാപ്,സൈക്ലിംഗ് ജേഴ്സി,ഹുഡീസ് എന്നിങ്ങനെ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ലോഗോ, നിറം എന്നിവ വ്യത്യാസപ്പെടുത്തി ജേഴ്സികൾ നിർമ്മിച്ചുനൽകും. വെബ്സൈറ്റിൽ തന്നെ ജേഴ്സിയുടെ വലിപ്പവും നിറവും തിരഞ്ഞെടുക്കാം. ആർമിയിലെ ഗാർഡ്സ് റെജിമെന്റിന്റെ ഓർഡർ ലഭിച്ചത് വഴിത്തിരിവായി. ആദ്യം സാംപിൾ ചോദിച്ച് ഗുണനിലവാരം ഉറപ്പാക്കിയിട്ടാണ് ആർമി ഓഫീസിൽ നിന്ന് മൊത്തത്തിൽ 50 ജേഴ്സികൾ എടുത്തത്.
12 രാജ്യങ്ങളിലേയ്ക്ക്
ആർമിക്ക് പുറമേ ഐ.ഐ.ടി, ഐ.ഐ.എം എന്നിവടിങ്ങളിലേയ്ക്കും രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്പോർട്സ് ക്ലബായ ജിംകാനാ ക്ലബിലേയ്ക്കും ജേഴ്സി ഒരുക്കുന്നുണ്ട്. കാനഡ, യു.എ.ഇ ഉൾപ്പെടെ 12 രാജ്യങ്ങളിലേയ്ക്ക് ഉത്പന്നങ്ങൾ എത്തുന്നുണ്ട്. സാഹസികമായ കൊടുമുടികൾ സഞ്ചരിക്കുന്നവരെ പരിശീലിപ്പിക്കുന്ന ഹിമാലയൻ മൗൺടെയ്നീയറിംഗ് ഇൻസ്റ്റിട്യൂട്ടിലും വിതരണമുണ്ട്. തമിഴ്നടി തൃഷ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ സൈക്ലിംഗ് റൈഡർ രണ്ടുവയസുകാരൻ ഈഷർവീർ സിംഗ്, മിസ്റ്റർ ഇന്ത്യ സുരേഷ് കുമാർ, ഒളിംപ്യൻ ഡിജു എന്നിവർ എയ്ഡന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഇറ്റലിയിൽ നിന്നാണ് ജേഴ്സിക്കുള്ള കൂടുതൽ തുണിയും എടുക്കുന്നത്. ഭാര്യ സിസ്ന, മകൻ ആദം എയ്ഡൻ.
സ്പോർട്സ് ജേഴ്സി നിർമ്മാണം കേരളത്തിൽ കുറവാണ്. മെസിയും ഇന്ത്യൻ ക്രിക്കറ്റ് ടീമും എയ്ഡന്റെ ജേഴ്സി അണിയുന്നതാണ് ഏറ്റവും വലിയ മോഹം. - സുൽഫിക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |