രാജ്യത്തെ പ്രശസ്തമായ ഐ.ഐ.ടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെ ഒരു രാഷ്ട്രീയ നേതാവ് അവരോടു ചോദിച്ചു: 'നിങ്ങളുടെ മുത്തച്ഛൻ സഞ്ചരിച്ചതു പോലെ നിങ്ങളും യാത്ര ചെയ്തിട്ടുണ്ടോ?' അതിലും കൂടുതൽ യാത്ര ചെയ്തിട്ടുണ്ടെന്നായിരുന്നു പൊതുവായ മറുപടി. അപ്പോൾ നേതാവ് ഒരു കാര്യം പറഞ്ഞു: 'നിങ്ങൾ കൂടുതൽ ദൂരം പോയിട്ടുണ്ടാകാം. പക്ഷെ ആ യാത്രകളിൽ നിന്ന് നിങ്ങൾ ആർജ്ജിച്ചതിന്റെ പതിന്മടങ്ങ് അറിവും അനുഭവങ്ങളും മുത്തച്ഛനു ലഭിച്ചിട്ടുണ്ട് .കാരണം, ചുറ്റുമുള്ള ലോകത്തേക്കു നോക്കി ഓരോ കാര്യവും ഗ്രഹിച്ചായിരുന്നു അവരുടെ സഞ്ചാരം. നിങ്ങളാകട്ടെ, ഹ്രസ്വമായ കാഴ്ചകളിൽ അഭിരമിക്കുകയാണ്.ഡിജിറ്റൽ മീഡിയയിലൂടെ ലഭിക്കുന്ന ചെറു വിവരണങ്ങളിൽ മുഖം പൂഴ്ത്തിയിരുന്ന് നിരീക്ഷണപാടവം തന്നെ നഷ്ടപ്പെടുത്തുന്നു. റീൽസും ഷോർട്സും കണ്ട് പൊതുവായ കാര്യങ്ങളെ ആഴത്തിൽ പഠിക്കാതെ ഉപരിതലസ്പർശിയായ വീക്ഷണങ്ങളിലെത്തുന്നു!'
സോഷ്യൽ മീഡിയയുടെ സ്വാധീനം നാൾക്കുനാൾ വർദ്ധിക്കുന്ന ഇക്കാലത്ത് വളരെ ശരിയായ ഒരു വിലയിരുത്തലാണിത്. രാജ്യം പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും മേന്മകളും മികവുകളും പ്രകടന പത്രികകളിലെ വാഗ്ദാനങ്ങളുമൊക്കെ ജനസമക്ഷം അവതരിപ്പിച്ചാണ് സ്ഥാനാർത്ഥികളും മുന്നണികളും വോട്ട് അഭ്യർത്ഥിക്കുന്നത്. വൈവിദ്ധ്യമാർന്ന ആശയ പ്രചാരണ രീതികളാണ് ഇതിനായി ഉപയോഗിക്കുന്നത്. . വേഗത്തിലും എളുപ്പത്തിലും ആശയപ്രചാരണം സമൂഹ മാദ്ധ്യമങ്ങൾ സാദ്ധ്യമാക്കിയതോടെ, അത് ഏറ്റവും സജീവമായി ഉപയോഗപ്പെടുത്തുന്നതായിരിക്കും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനു പിന്നിൽ പല ചതിക്കുഴികളും പതിയിരിക്കുന്ന വസ്തുത കാണാതെ പോയാൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ തന്നെ വിശുദ്ധി നഷ്ടപ്പെട്ടെന്നു വരും. പരമ്പരാഗത മുഖ്യധാരാ മാദ്ധ്യമങ്ങളിലെ വിവിധ തട്ടുകളിൽ നടക്കുന്ന പരിശോധനകളോ തിരുത്തലുകളോ ഒന്നുമില്ലാതെയാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം എന്നതു തന്നെയാണ് മുഖ്യപ്രശ്നം. തെറ്റായ വാർത്തകളെ ശരിയെന്ന നിലയിൽ പ്രചരിപ്പിക്കാനും, സ്ഥാനാർത്ഥികളെയും മുന്നണികളെയും വെള്ളപൂശാനും ചിലപ്പോഴൊക്കെ കരിവാരിത്തേക്കാനും കഴിയും. കാരണം സോഷ്യൽ മിഡിയ ഉപയോഗിക്കുന്നവരുടെ വ്യക്തിപരവും, രാഷ്ട്രീയവും സ്വാർത്ഥപരവുമായ ഇഷ്ടാനിഷ്ടങ്ങളായിരിക്കും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ അരങ്ങുതകർക്കുക.
സത്യമേത്, മിഥ്യയേത് എന്നു തിരിച്ചറിയാൻ കഴിയാത്തത്ര സൂക്ഷ്മവും ഫലപ്രദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന എല്ലാ സന്നാഹങ്ങളുമുണ്ട് വ്യത്യസ്ത സോഷ്യൽ മീഡിയാ പ്ളാറ്റ്ഫോമുകളിൽ. ചാറ്റ് ജി.പി.ടി , എ.ഐ ടൂളുകൾ, ഡീപ് ഫേക് വീഡിയോ തുടങ്ങി നല്ലതും ചീത്തയുമായ എന്തും പ്രചരിപ്പിക്കാൻ സാധിക്കുന്ന സജ്ജീകരണങ്ങൾ കൊണ്ട് സമൃദ്ധമാണ് സോഷ്യൽ മീഡിയ. എവിടെ പോകുമ്പോഴും കൈയിൽ കരുതാവുന്ന സ്മാർട്ട് ഫോൺ വഴി സോഷ്യൽ മീഡിയയിൽ ആടിത്തിമിർക്കാം. അതുകൊണ്ട് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾ സ്ഥാനാർത്ഥികളായാലും മുന്നണികളായാലും തികഞ്ഞ ഉത്തരവാദിത്വത്തോടെയാകണം നടത്തേണ്ടത്. ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിൽ ചതിവഴികൾ ഉണ്ടായിക്കൂടാ. ഇക്കാര്യത്തിൽ ഓരോ വോട്ടർക്കും തിരിച്ചറിവുണ്ടാകണം. സോഷ്യൽ മീഡിയയിലെ വ്യാജ നിർമ്മിതികളിൽ സത്യത്തെ തിരയരുത്. വ്യക്തികളും ഗ്രൂപ്പുകളും കൈകാര്യം ചെയ്യുന്ന സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന കാര്യം ആലോചിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |