SignIn
Kerala Kaumudi Online
Thursday, 18 April 2024 1.25 AM IST

'യൂസഫലിയെയും അംബാനിയെയും പോലെ എനിക്ക് പറ്റില്ല, രാജ്യസഭയിലെ ശമ്പളത്തിൽ എത്ര ഞാനെടുത്തെന്നറിയാമോ'

suresh-gopi-

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ തൃശൂർ മണ്ഡലത്തിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. കേരളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചരണമാണ് പാർട്ടി നേതൃത്വവും അണികളും മുന്നോട്ടുവയ്ക്കുന്നത്. യുഡിഎഫിന് വേണ്ടി ടിഎൻ പ്രതാപനും എൽഡിഎഫിന് വേണ്ടി വിഎസ് സുനിൽ കുമാറും ഇറങ്ങുമ്പോൾ ത്രികോണ പോരാട്ടം തൃശൂരിൽ പ്രതീക്ഷിക്കാം. ആദ്യ ഘട്ട പ്രചാരണത്തിൽ സുരേഷ് ഗോപി സ്‌കോർ ചെയ്‌തെങ്കിലും വിവാദങ്ങളും താരത്തെ അലട്ടുന്നുണ്ട്.

തൃശൂരിലെ ലൂർദ് പളളിയിലെ മാതാവിന് കിരീടം സമർപ്പിച്ചതായിരുന്നു ആദ്യത്തേത്. സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി കോൺഗ്രസ് കൗൺസിലർ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം. എന്നാൽ ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ എല്ലാം തന്നെ രാഷ്ട്രീയമാണെന്ന് തുറന്നുപറയുകയാണ് സുരേഷ് ഗോപി.

തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സുരേഷ് ഗോപിയുടെ വാക്കുകൾ

'കഴിഞ്ഞ ആറ് വർഷത്തിൽ മൂന്ന് വർഷത്തെ തന്റെ പ്രവർത്തനം ജനങ്ങൾ അടുത്ത് കാണുന്നുണ്ട്. ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. അത് വിശ്വാസത്തിന്റെ കാര്യത്തിലായാലും ജീവിതത്തിന്റെ കാര്യാമായാലും. രാഷ്ട്രീയ പശ്ചാത്തലം വിശകലനം ചെയ്യാതെ പ്രവർത്തന മണ്ഡലത്തിൽ എന്തൊക്കെ ചെയ്തു എന്നു വിലയിരുത്തുക. കൊവിഡ് കാലത്ത് ചാവക്കാടുള്ളവർ പറയട്ടെ. യുക്രെയിൻ കാലത്ത് കേരളത്തിലുള്ളവർ പറയട്ടേ'- സുരേഷ് ഗോപി പറഞ്ഞു.

'വാക്ക് കൊടുത്തത് പാലിച്ചിട്ടുണ്ട്, ആ വാക്ക് എന്ത് തന്നെയായാലും കൃത്യമായി പാലിച്ചിട്ടുണ്ട്. അതിനകത്ത് ഒരു അണുവിടെ വ്യത്യാസം വന്നിട്ടില്ല. ലീഡർ ശ്രീ കരുണാകരൻ കണ്ടിട്ടുള്ള ഒരു ഭാവി തൃശൂരുണ്ട്. അവിടം വരെ എത്തിയിട്ടില്ലെങ്കിൽ അതിനപ്പുറം എന്നു പറയുന്നതിലാണ് എന്റെ നോട്ടം. അത് എന്താണെന്ന് എനിക്കിപ്പോൾ വാഗ്ദാനം ഒന്നും ചെയ്യാൻ പറ്റില്ല. അടിസ്ഥാന സൗകര്യങ്ങൾ എന്താണെന്ന് നോക്കി, കേരളത്തിനുതകുന്ന വികസനം. അങ്ങനയേ ഞാൻ കാണൂ'- സുരേഷ് ഗോപി പറഞ്ഞു.

സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. 'അദാനിയും അംബാനിയും യൂസഫലിയും നേരുന്നത് പോലെ എനിക്ക് പള്ളിയിൽ നേരാൻ പറ്റില്ല. ഞാൻ അങ്ങനെയൊരു പണക്കാരനല്ല. എന്റെ അക്കൗണ്ട്‌സൊക്കെ വളരെ സുതാര്യമാണ്. നിങ്ങൾക്ക് പരിശോധിക്കാം. കരുവന്നൂരിലുള്ള അമ്മയ്ക്ക് അവരുടെ ബാദ്ധ്യത തീർത്തപ്പോൾ എന്താണ് അവര് ചോദിച്ചത്, ഇത് അദാനി കൊടുത്തതാണോ എന്ന്, വരട്ടെ അവന്മാർ, കാണിച്ചുകൊടുക്കാം ഞാൻ'.

'എന്റെ രാജ്യസഭയിലെ ശമ്പളത്തിൽ എത്ര ഞാൻ എടുത്തെന്നറിയാമോ, ഒന്നു കാണിച്ചുതരാമോ. ഈ വിവാദങ്ങൾക്ക് പിന്നിൽ വർഗീയത മാത്രമാണ്. മാതാവ് മാത്രമല്ല, ദൈവങ്ങൾ എല്ലാം ഇത്തവണ അനുഗ്രഹിക്കും. ഒരു കള്ളത്തരവും എവിടെയും കാണിച്ചിട്ടില്ല. എന്റെ ത്രാണിക്കനുസരിച്ച്, എന്റെ കഴിവിനനുസരിച്ച്, എന്റെ സാമ്പത്തിക ബലത്തിനനുസരിച്ച് ഞാൻ വികാരി അച്ഛനോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തിന്റെ ഒരു ആചാരത്തിന്റെ ഭാഗമായാണ് കിരീടം സമർപ്പിച്ചത്'- സുരേഷ് ഗോപി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI, LOKSABHA POLL 2024, THRISSUR, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.