തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്‌ഫോമായ 'സി സ്‌പേസ്' ( C Space ) നാളെ ആരംഭിക്കും. നാളെ മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ആണിത്. സിനിമയ്‌ക്കൊരിടം എന്ന അർത്ഥത്തിലുള്ള സി സ്പേസ് എന്ന പേരും ലോഗോയും 2022മേയിൽ റിലീസ് ചെയ്‌തിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി) നടത്തിപ്പ് ചുമതല.
സി സ്‌പേസിന്റെ ആദ്യ ഘട്ടത്തിൽ 42 സിനിമകളാണ് ക്യൂറേറ്റർമാർ തിരഞ്ഞെടുത്തതെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാനായ സംവിധായകൻ ഷാജി എൻ.കരുൺ പറഞ്ഞു. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകളുണ്ട്.
ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി.ഉഷ, ബെന്യാമിൻ എന്നിവർ ഉൾപ്പെടെ 60 അംഗ ക്യൂറേറ്റർ സമിതിയാണുള്ളത്. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയതുമായ സിനിമകൾ നേരിട്ട് പ്രദർശിപ്പിക്കും.
75 രൂപയ്ക്ക് ഒരു സിനിമ
കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകിയാൽ മതി. 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാം. തുകയുടെ പകുതി നിർമ്മാതാവിനാണ്. സി സ്‌പേസ് വഴി കലാലയങ്ങളിലും പുറത്തുമുള്ള ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവയ്‌ക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.
ഉദ്ഘാടനം മുഖ്യമന്ത്രി
നാളെ രാവിലെ 9.30ന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി സ്പേസ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, എം.ഡി കെ.വി അബ്ദുൾ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ. മായ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |